തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി മുടക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ ക്രെഡിറ്റ് എടുക്കാൻ ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആരാണ് പദ്ധതി കൊണ്ടുവന്നതെന്ന് ജനങ്ങൾക്കറിയാമെന്നും തള്ളുകാർക്കൊപ്പം തള്ളാൻ താൻ ഇല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ടുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ആരാണ് പദ്ധതി കൊണ്ടുവന്നതെന്ന് നെഞ്ചിൽ കൈ വച്ച് പറയണം. വിഴിഞ്ഞം പദ്ധതി മുടക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അതിനായുള്ള ക്രെഡിറ്റെടുക്കാൻ ശ്രമിക്കുന്നത്. 1997 മുതൽ ഇതുമായി ബന്ധപ്പെട്ട് സമരങ്ങൾ നടക്കുന്നുണ്ട്. ഇപ്പോൾ പദ്ധതി നടപ്പിലായപ്പോൾ പദ്ധതിക്കൊപ്പം നിലകൊള്ളാനാണ് ശ്രമിക്കുന്നത്.”- സുരേഷ് ഗോപി പറഞ്ഞു.
കഴിഞ്ഞ ദിവസം വിഴിഞ്ഞം തുറമുഖത്തെത്തിയ ചരക്കുകപ്പൽ സാൻ ഫെർണാഡോയ്‌ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ഗംഭീര സ്വീകരണം നൽകിയിരുന്നു. ഔദ്യോഗിക സ്വീകരണ ചടങ്ങിൽ പിണറായി സർക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലമായാണ് തുറമുഖം നടപ്പിലാക്കിയതെന്ന് മന്ത്രി വി എൻ വാസവൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ തുടക്കം മുതൽ തന്നെ പദ്ധതിയെ എതിർത്തിരുന്നവരാണ് സിപിഎമ്മുകാരെന്ന വിമർശനങ്ങളാണ് ഉയർന്നുവരുന്നത്.