ഇസ്ലാമാബാദ്: ഇസ്ലാമിക നിയമത്തിന് വിരുദ്ധമായി വിവാഹം കഴിച്ചെന്ന കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ കുറ്റവിമുക്തനാക്കി കോടതി. കേസിൽ ശിക്ഷിക്കപ്പെട്ട 71-കാരനായ ഇമ്രാനെയും ഭാര്യ ബുഷറാ ഖാനെയുമാണ് കോടതി വെറുതെ വിട്ടത്.
ഇസ്ലാമികനിയമത്തിന് വിരുദ്ധമായി വിവാഹം കഴിച്ചെന്നതാണ് ഇമ്രാനും ഭാര്യക്കുമെതിരായ ഇദ്ദത് കേസ്. ബുഷറാ ബീബിയെന്ന് അറിയപ്പെടുന്ന ബുഷറാ ഖാൻ ആദ്യ ഭർത്താവിൽ നിന്ന് ബന്ധം വേർപ്പെടുത്തിയ ശേഷം ഇസ്ലാം നിഷ്കർഷിക്കുന്ന ഇടവേള (ഇദ്ദത് കാലയളവ്) സ്വീകരിക്കാതെ പുതിയ വിവാഹം കഴിച്ചെന്നാണ് കേസിൽ പറയുന്നത്. ബുഷറയുടെ ആദ്യ ഭർത്താവ് ഖവർ പരീദ് മനേകയായിരുന്നു പരാതിക്കാരൻ. സംഭവത്തിൽ ഇരുവർക്കുമെതിരെ ഏഴ് വർഷം തടവുശിക്ഷ കോടതി വിധിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ പാകിസ്താനിലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു കോടതി വിധി. ഉത്തരവിനെ ചോദ്യം ചെയ്ത് ഇമ്രാനും ഭാര്യയും നൽകിയ ഹർജി അംഗീകരിച്ച ഇസ്ലാമാബാദ് ജില്ലാ സെഷൻസ് കോടതി ഇരുവരെയും കുറ്റവിമുക്തരാക്കി.
തോഷഖാന കേസിലെ ഇമ്രാന്റെ ജയിൽ ശിക്ഷ റദ്ദാക്കുകയും സൈഫർ കേസിൽ ഇമ്രാൻ കുറ്റവിമുക്തനാവുകയും ചെയ്തതിനാൽ പിടിഐ അദ്ധ്യക്ഷന് ജയിൽ മോചിതനാകാൻ സാധിച്ചേക്കും. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് കഴിഞ്ഞ ഒരു വർഷത്തോളമായി തടവിൽ കഴിയുകയാണ് ഇമ്രാൻ ഖാൻ. ഇദ്ദത് കേസിൽ കൂടി കോടതി വെറുതെ വിട്ടതിനാൽ പാക് മുൻ പ്രധാനമന്ത്രി ഇനി പുറത്തിറങ്ങിയേക്കും.