തിരുവനന്തപുരം: തലസ്ഥാനത്തെ മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിൽ കോർപ്പറേഷന്റെ ഭാഗത്ത് നിന്ന് വന്ന അലസതയാണ് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളി അപകടത്തിൽപ്പെടാൻ കാരണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നഗരത്തിന്റെ പല ഭാഗത്തും മാലിന്യകൂമ്പാരമാണുള്ളത്. ഓടകളിലൂടെയും തോടുകളിലൂടെയും മാലിന്യം ഒഴുകുന്ന കാഴ്ചയാണ് തലസ്ഥാനത്തുള്ളത്. മഴക്കാലമായിട്ടും ഇതൊന്നും കൃത്യമായി നീക്കം ചെയ്യാൻ കോർപ്പറേഷന് സാധിക്കുന്നില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
നഗരവാസികൾക്ക് പകർച്ചവ്യാധികൾ ഉൾപ്പെടെ പകരാൻ കാരണമാവുന്ന വീഴചയാണ് കോർപ്പറേഷൻ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. കോടിക്കണക്കിന് രൂപയുടെ കേന്ദ്രഫണ്ടാണ് മാലിന്യ നിർമ്മാർജനത്തിനായി കോർപ്പറേഷന് ലഭിക്കുന്നത്. സ്മാർട്ട് സിറ്റി പദ്ധതി വഴി കോടികൾ ലഭിച്ചു. ഇതെല്ലാം ചെലവഴിച്ചിട്ടും ഇവിടെ എന്തുകൊണ്ടാണ് ഇങ്ങനെയുണ്ടാവുന്നതെന്ന് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.
പണം ഫലപ്രദമായി ചെലവഴിക്കാൻ അധികൃതർക്ക് സാധിക്കുന്നില്ല. ടോയ്‌ലറ്റ് മാലിന്യങ്ങൾ ഉൾപ്പെടെ നഗരത്തിലെ ഓവുചാലുകളിലൂടെ ഒഴുകി പോകുന്ന കാഴ്ചയാണ് തിരുവനന്തപുരത്തുള്ളത്. സ്‌കൂൾ കുട്ടികളടക്കമുള്ളവർ യാത്ര ചെയ്യുന്ന വഴികളിലൂടെയാണ് ഇത്തരത്തിലുള്ള മാലിന്യങ്ങൾ ഒഴുകി പോകുന്നത്. മഴക്കാലത്തിന് മുമ്പ് ഓടകളും വെള്ളക്കെട്ടുകളും ശുചീകരിക്കണമെന്ന് ബിജെപി കൗൺസിലർമാർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതൊന്നും ചർച്ച ചെയ്യാൻ പോലും മേയറും സംഘവും തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്തെ വലിയ നഗരങ്ങളിലെ മാലിന്യസംസ്‌കരണത്തെ കുറിച്ച് പഠിക്കാൻ തിരുവനന്തപുരം കോർപ്പറേഷൻ തയ്യാറാവണമെന്ന ആവശ്യത്തോടും അധികൃതർ മുഖംതിരിഞ്ഞ് നിൽക്കുകയായിരുന്നു. ഡെങ്കിയും കോളറയും തിരുവനന്തപുരത്ത് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ കോർപ്പറേഷൻ അധികൃതർ അലസത വെടിയണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.















