മുംബൈ: വിവിധ വികസനപദ്ധതികൾ ഉദ്‌ഘാടനം ചെയ്യാൻ മുംബൈയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണം. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നവിസ്, അജിത് പവാർ എന്നിവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു.
29,400 കോടിയുടെ വികസനപദ്ധതികൾക്ക് തുടക്കമിടാനാണ് പ്രധാനമന്ത്രി മുംബൈയിലെത്തിയത്. വേദിയിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പൊന്നാടയണിയിച്ചു, തുടർന്ന് കാവി നിറമുള്ള തലപ്പാവും അണിയിച്ചു. മൂവരും ചേർന്ന് ശിവജിയുടെ ഫലകം മോദിക്ക് സമ്മാനിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള മോദിയുടെ ആദ്യ മുംബൈ സന്ദർശനമാണിത്.
6,300 കോടിയുടെ ഗോരേഗാവ്-മുളുന്ദ് ലിങ്ക് റോഡ് പദ്ധതിയുടെ തുരങ്കപാതാ നിർമ്മാണത്തിന് പ്രധാനമന്ത്രി തറക്കല്ലിടും. കൂടാതെ നവി മുംബൈയിലെ ഗതിശക്തി മൾട്ടി-മോഡൽ കാർഗോ ടെർമിനൽ നിർമ്മാണം, ലോക്മാന്യ തിലക് ടെർമിനൽ, ഛത്രപതി ശിവജി മഹാരാജ് ടെർമിനൽ എന്നിവിടങ്ങളിലെ പുതിയ പ്ലാറ്റ്‌ഫോമുകൾ, തൊഴിലില്ലായ്മ പരിഹരിക്കാൻ ലക്ഷ്യം വച്ചുള്ള യുവ കാര്യ പ്രതീക്ഷൻ യോജന തുടങ്ങി ഒട്ടനവധി വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും.