കാസർകോട്: കേടായ മീറ്റർ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ കെഎസ്ഇബി ജീവനക്കാരെ വാഹനമിടിപ്പിച്ച് അപായപ്പെടുത്തിയതായി പരാതി. കെഎസ്ഇബി ജീവനക്കാരനായ അരുൺ കുമാറിനും മറ്റൊരു ഉദ്യോഗസ്ഥനുമാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് നല്ലോംപുഴയിൽ വച്ചാണ് ആക്രമണം നടന്നത്.
നല്ലോംപുഴ സ്വദേശി ജോസഫിന്റെ വീട്ടിൽ കേടായ മീറ്റർ മാറ്റി സ്ഥാപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തകരാറിലായ മീറ്റർ മാറ്റി സ്ഥാപിക്കാൻ സാധിക്കില്ലെന്ന നിലപാടിലായിരുന്നു ജോസഫ്. എന്നാൽ കെഎസ്ഇബി ജീവനക്കാർ ഇയാളുടെ വീട്ടിലെത്തി കേടായ മീറ്റർ മാറ്റി സ്ഥാപിക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായ ജോസഫിന്റെ മകൻ സന്തോഷ് ജീവനക്കാരെ ജീപ്പിടിപ്പിച്ച് അപായപ്പെടുത്തി.
ബൈക്കിൽ നിന്ന് തെറിച്ചുവീണ ജീവനക്കരെ ജാക്കി ലിവർ ഉപയോഗിച്ച് മുഖത്തും തലയ്‌ക്കും അടിക്കുകയും ചെയ്തു. ആക്രമണത്തിൽ അരുണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കെഎസ്ഇബി ജീവനക്കാർ പൊലീസിൽ പരാതിപ്പെട്ടു.















