മുംബൈ: അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റേയും വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തി. രണ്ടാം ദിനമായ ഇന്ന് ശുഭ് ആശിർവാദ് എന്ന ചടങ്ങിനായാണ് വധൂവരന്മാരെ ആശിർവാദിക്കാൻ മോദിയെത്തിയത്. മുംബൈയിലെ ജിയോ വേൾഡ് സെൻ്ററിൽ നടക്കുന്ന ചടങ്ങിനെത്തിയ പ്രധാനമന്ത്രിയെ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി സ്വീകരിച്ച് ആനയിച്ചു. മുംബൈയിൽ എത്തിയ പ്രധാനമന്ത്രി വിവിധ വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്തതിന് ശേഷമാണ് ജിയോ വേൾഡ് സെന്ററിലെത്തിയത്.

യുകെ മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ, ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫാൻ്റിനോ എന്നിവരടക്കമുള്ള അന്താരാഷ്‌ട്ര പ്രമുഖർ ശുഭ് ആശിർവാദ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. സിനിമാ താരങ്ങൾ, ഹോളിവുഡ് ആർട്ടിസ്റ്റുകൾ, കലാകായിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർ, അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധനേടിയ സെലിബ്രിറ്റികൾ, രാഷ്‌ട്രീയക്കാർ എന്നിവരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.















