തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളിയെ കണ്ടെത്തുന്നതിന് ദേശീയ ദുരന്തനിവാരണ സേന സ്ഥലത്ത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഘം സ്ഥലത്തെത്തിയത്. തിരുവല്ലയിൽ നിന്നുള്ള എൻഡിആർഎഫ് സംഘമാണ് എത്തിയത്.
ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം സാഹചര്യവും വെല്ലുവിളികളും സേനയോട് വിശദീകരിച്ചു. രാവിലെ ഏഴ് മണിയോടെ തിരച്ചിൽ പുനരാരംഭിക്കും. ഹൈ റെസല്യൂഷൻ ദൃശ്യങ്ങൾ പകർത്താൻ ശേഷിയുള്ള
റോബോട്ടിക് കാമറ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.
ഫയർഫോഴ്സ് സ്കൂബ ഡൈവിംഗ് സംഘവും സംയുക്തമായിട്ടായിരിക്കും തിരച്ചിൽ നടത്തുക. റോബോട്ടിക് കാമറയും അതിന്റെ അനുബന്ധ മെഷീൻ സംവിധാനങ്ങളും പുലർച്ചെയോടെ സജ്ജീകരിച്ചു.
മാലിന്യ കൂമ്പാരത്തിനിടയിലെ രക്ഷാപ്രവർത്തനം ദുഷ്കരമായതിനാൽ സ്കൂബാ സംഘം ഇന്നലെ തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. മാൻഹോളിലെ മാലിന്യം നീക്കിയതിന് ശേഷം തിരച്ചിൽ ആരംഭിക്കാനാണ് ദൗത്യസംഘത്തിന്റെ തീരുമാനം. മാൻഹോളിൽ ഇറങ്ങി മാലിന്യം നീക്കുന്നതിനായി റോബോട്ടിനെയാണ് ഉപയോഗിക്കുന്നത്.















