ഗുവാഹത്തി: അസമിലുണ്ടായ വെള്ളപ്പൊക്കത്തിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 91ആയി. കഴിഞ്ഞ ദിവസം ഏഴ് പേർ കൂടി മരിച്ചതായി സംസ്ഥാന ദുരന്തനിവാരണ സേന അറിയിച്ചു. അസമിലെ 21 നദികളാണ് കരകവിഞ്ഞ് ഒഴുകുന്നത്. സംസ്ഥാനത്ത് കനത്ത നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുകയാണ്.
സംസ്ഥാനത്തെ 12.33 ലക്ഷത്തിലധികം ആളുകളെയാണ് പ്രളയം ബാധിച്ചത്. രണ്ടായിരത്തിലധികം ഗ്രാമങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി. ധുബ്രി ജില്ലയാണ് ഏറ്റവും കൂടുതൽ പ്രളയം ബാധിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ അടിസ്ഥാന സൗകര്യങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
വെള്ളപ്പൊക്കത്തിൽ കാസിരംഗ നാഷണൽ പാർക്കിൽ 10 കാണ്ടാമൃഗങ്ങൾ ഉൾപ്പെടെ 180 വന്യമൃഗങ്ങളാണ് ചത്തൊടുങ്ങിയത്. സംസ്ഥാനത്ത് 316 ദുരിതാശ്വാസ ക്യാമ്പുകളിലായി മൂന്ന് ലക്ഷത്തോളം ആളുകൾ താമസിക്കുന്നു.
സംസ്ഥാനത്തെ പല നദികളിലെയും ജലനിരപ്പ് ചെറിയ തോതിൽ താഴ്ന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ ബ്രഹ്മപുത്ര, ബുർഹിദിഹിംഗ്, ദിസാങ്, കുഷിയാര നദികളുടെ ജലനിരപ്പ് അപകടകരമായ നിലയിൽ തുടരുന്നു. എൻഡിആർഎഫ് സംഘം അപകട മേഖലകളിൽ രക്ഷാപ്രവർത്തനം നടത്തിവരികയാണ്.