മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി വികസനത്തിന്റെ പ്രതീകമാണെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. വരുന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മഹായുതി സഖ്യം വിജയിക്കുമെന്നും ഷിൻഡെ പറഞ്ഞു. മുംബൈയിൽ നടന്ന വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മഹാരാഷ്‌ട്ര നിയമസഭയിൽ ഞങ്ങൾ വീണ്ടും വിജയിക്കും. സംസ്ഥാനത്തിന്റെ വികസനവും പുരോഗതിയും തടയാൻ പല ശ്രമങ്ങളും നടന്നിരുന്നു. വികസനത്തിന് തടസമായിരുന്ന ആ സ്പീഡ് ബ്രെക്കർ ഞങ്ങൾ നീക്കം ചെയ്തു. സംസ്ഥാനത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ച് ചിലർ തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. എന്നാൽ അവരുടെ നുണ പ്രചരണങ്ങൾ ഇവിടെ വിലപ്പോകില്ല. പ്രധാനമന്ത്രിക്കെതിരെ പോലും പ്രതിപക്ഷം വ്യാജ പ്രചരണങ്ങൾ നടത്തുന്നു’.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്ത് നിരവധി വികസന പ്രവർത്തനങ്ങൾ നടന്നു. എല്ലാ പ്രതിപക്ഷ പാർട്ടികളും ഒറ്റക്കെട്ടായാണ് നിൽക്കുന്നത്. എൻഡിഎ സർക്കാർ അധികാരത്തിൽ വന്നാൽ ഭരണഘടന മാറ്റുമെന്ന് പ്രതിപക്ഷം കുപ്രചരണം നടത്തി. എല്ലാ നുണകളും താത്കാലികം മാത്രമാണ്. സത്യം എന്നും വിജയിക്കുക തന്നെ ചെയ്യും. 100 സീറ്റ് പോലും കോൺഗ്രസിന് നേടാനായില്ല, എന്നിട്ടും അവർ ആഘോഷിക്കുകയാണെന്നും ഏക്നാഥ് ഷിൻഡെ പറഞ്ഞു.
കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന പരിപാടിയിൽ 29,400 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി തറക്കല്ലിട്ടത്.