തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് വാങ്ങിയ സ്വർണ ലോക്കറ്റ് മുക്കുപണ്ടമെന്ന് പരാതി. പാലക്കാട് അമ്പലപ്പാറ സ്വദേശി മോഹൻദാസാണ് ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.
മെയ് 13 നാണ് മോഹൻദാസ് ക്ഷേത്രത്തിൽ നിന്ന് ഗുരുവായൂരപ്പന്റേയും ഉണ്ണിക്കണ്ണന്റേയും ചിത്രം ആലേഖനം ചെയ്ത ലോക്കറ്റ് വാങ്ങിയത്. രണ്ട് ഗ്രാം തൂക്കം വരുന്ന ലോക്കറ്റിനായി 14,200 രൂപയാണ് ഇദ്ദേഹം ദേവസ്വത്തിലേക്ക് അടച്ചത്. പണയം വെയ്‌ക്കാനായി ബാങ്കിൽ എത്തിയപ്പോഴാണ് മുക്കുപണ്ടമാണെന്ന് മനസ്സിലായതെന്നും പിന്നീട് ജ്വല്ലറിയിൽ നടത്തിയ പരിശോധനയിലും സ്വർണമല്ലെന്ന് കണ്ടെത്തിയെന്നും മോഹൻദാസ് അവകാശപ്പെട്ടു.
പണത്തിന് ബുദ്ധിമുട്ട് വന്നപ്പോൾ ജൂൺ 28നാണ് പണയം വെക്കാനായി ഒറ്റപ്പാലം അർബൻ ബാങ്കിന്റെ അമ്പലപ്പാറ ശാഖയിലേക്ക് പോയതെന്ന് മോഹൻദാസ് പറഞ്ഞു. ഉരച്ച് നോക്കിയപ്പോൾ സ്വർണം അല്ലെന്നും വ്യാജ സ്വർണം പണയം വെക്കാൻ വന്ന ആൾ എന്നും പറഞ്ഞ് ജീവനക്കാർ അപമാനിച്ചു. 50 പൈസ പോലും വിലമതിക്കാത്ത വസ്തുവാണ് 14,200 രൂപയ്‌ക്ക് ക്ഷേത്രത്തിൽ നിന്ന് നൽകിയത്. സംഭവം കടുത്ത മനോവിഷമവും മാനഹാനിയും ഉണ്ടാക്കിയെന്നാണ് പരാതിക്കാരൻ പറയുന്നത്.
ദേവസ്വം കമ്മീഷണർക്കും പൊലീസിലും മോഹൻദാസ് പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ ദേവസ്വം അന്വേഷണം ആരംഭിച്ചതായാണ് വിവരം. കഴിഞ്ഞ കുറേക്കാലമായി ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ഭഗവാന്റെ ചിത്രമുളള സ്വർണം, വെള്ളി ലോക്കറ്റ് നൽകിവരുന്നുണ്ട്. ഭക്തർ ഇത്തരം ഒരു ലോക്കറ്റ് വാങ്ങുന്നത് പുണ്യമായാണ് കരുതുന്നത്.















