തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ ഭാഗമായി 20,000 കോടിയുടെ പദ്ധതികൾ കൂടി പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ്. തുറമുഖ നിർമ്മാണത്തിന്റെ അടുത്ത മൂന്ന് ഘട്ടങ്ങളായി 10000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പുതുക്കിയ പദ്ധതി പ്രകാരം ഇത് 20,000 കോടി രൂപയാക്കി ഉയർത്തി. കഴിഞ്ഞ ദിവസം മദർഷിപ്പിന് സ്വീകരണം നൽകിയ ചടങ്ങിൽ അദാനി പോർട്‌സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ മാനേജിങ് ഡയറക്ടർ കരൺ അദാനിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
വിഴിഞ്ഞം തുറമുഖത്തിന്റെ വിശാലമായ വികസന സാധ്യതകൾ മുന്നിൽക്കണ്ടാണ് നിക്ഷേപം ഇരട്ടിയാക്കാൻ അദാനി ഗ്രൂപ്പ് ഒരുങ്ങുന്നതെന്നാണ് വിലയിരുത്തൽ. ക്രൂസ് ടെർമിനൽ, കപ്പലുകൾക്ക് ഇന്ധനം നിറയ്‌ക്കാനുള്ള ബങ്കറിങ് യൂണിറ്റ്, ഫിഷിങ് ഹാർബർ എന്നിവയും ഇതിന് അനുബന്ധമായി സിമന്റ് ഗ്രൈൻഡിങ് പ്ലാന്റ്, സീഫുഡ് പാർക്ക് തുടങ്ങിയ ഭാവി വികസനപദ്ധതികൾ അദാനി ഗ്രൂപ്പിന്റെ പ്രഖ്യാപനത്തിലുണ്ടായിരുന്നു.
തുറമുഖ നിർമ്മാണത്തിന്റെ അടുത്ത മൂന്ന് ഘട്ടങ്ങൾ നാലുവർഷങ്ങൾക്കുള്ളിൽ പൂർത്തിയാക്കുമെന്ന് അറിയിച്ചിരുന്നു. 20 ലക്ഷം ടൺ ശേഷിയുള്ള സിമന്റ് ഗ്രൈൻഡിങ് പ്ലാന്റാണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കാൻ ലക്ഷ്യമിടുന്നത്. 30 ലക്ഷം TEU (Twenty Foot Equivalent ) ശേഷിയാണ് നാല് ഘട്ടങ്ങളിലുമായി ഉദ്ദേശിച്ചിരുന്നതെങ്കിൽ ഇപ്പോൾ ലഭ്യമാകുന്ന വിവരമനുസരിച്ച് തുറമുഖത്തിന്റെ ആകെ ശേഷി 50 ലക്ഷം TEU ആയി ഉയരാനാണ് സാധ്യത.