മലയാളികളുടെ എക്കാലത്തെയും പ്രിയ ചിത്രമാണ് മോഹൻലാൽ നായകനായ ദേവദൂതൻ. പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ സൂപ്പർ ഹിറ്റ് ചിത്രം റീ റിലീസിനെത്തുന്നതിന്റെ സന്തോഷത്തിലാണ് സിനിമാ പ്രേമികൾ. ഈ മാസം 24-നാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ ‘പൂവേ പൂവേ പാലപ്പൂവേ’ എന്ന് തുടങ്ങുന്ന ഗാനമാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. മോഹൻലാലാണ് ഗാനം ഫെയ്സബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.
എച്ച് ഡി ക്വാളിറ്റിയോടെയുള്ള വീഡിയോ ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. മികച്ച ദൃശ്യ മികവിൽ ചിത്രം വീണ്ടും തിയേറ്ററിൽ എത്തുമ്പോൾ ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്നാണ് പ്രേക്ഷകർ പറയുന്നത്. എത്ര തവണ കണ്ടാലും മതിവരാത്ത ചിത്രമാണെന്നും വിദ്യാജി മലയാളത്തിന് നൽകിയ ഏറ്റവും വലിയ പുണ്യമാണ് പി ജയചന്ദ്രനെന്നും പ്രേക്ഷകർ അഭിപ്രായങ്ങൾ പങ്കുവച്ചു.
പി ജയചന്ദ്രനും കെഎസ് ചിത്രയും ചേർന്ന് ആലപിച്ച ഗാനം 90-കളിലെ ഹിറ്റ് ഗാനങ്ങളിലൊന്നായിരുന്നു. കൈതപ്രം എഴുതിയ വരികൾക്ക് വിദ്യാ സാഗറാണ് സംഗീതം നൽകിയിരിക്കുന്നത്.
ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെ പുറത്തെത്തിയിരുന്നു. മോഹൻലാൽ പങ്കുവച്ച ട്രെയിലർ 70 ലക്ഷത്തോളം ആളുകളാണ് കണ്ടത്. ചിത്രത്തിന്റെ പ്രധാനപ്പെട്ട രംഗങ്ങൾ കോർത്തിണക്കിയ ട്രെയിലർ നിമിഷങ്ങൾക്കകം സമൂഹമാദ്ധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു.