ഭുവനേശ്വർ; ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്ന ഭണ്ഡാരം ഇന്ന് തുറക്കും. വിലപിടിപ്പുള്ള ആഭരണങ്ങളും മറ്റുമടങ്ങിയ ഭണ്ഡാരം നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് തുറക്കുന്നത്. മുഖ്യമന്ത്രി മോഹൻ ചരൺ മാജി ഇതിനായുള്ള അന്തിമ അനുമതി നൽകിയതായി ഒഡിഷ നിയമ മന്ത്രി പൃഥ്വിരാജ് ഹരിചന്ദ്രൻ പറഞ്ഞു.
ഭണ്ഡാരം തുറക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. ഇതിന്റെ മേൽനോട്ട ചുമതല സർക്കാർ ക്ഷേത്രത്തിന്റെ മുഖ്യ രക്ഷാധികാരിക്കാണ് നൽകിയിരിക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രതിനിധിയുടെ സാന്നിധ്യത്തിലായിരിക്കും ഭണ്ഡാരം തുറക്കുന്നത്. എണ്ണിത്തിട്ടപ്പെടുത്തൽ പൂർത്തിയായ ശേഷം അതനുസരിച്ച് ഡിജിറ്റൽ കാറ്റലോഗ് തയ്യാറാക്കുമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ (ASI) യുടെ അനുമതി നേടിയ ശേഷം രത്ന ഭണ്ഡാരത്തിനാവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 12-ാം നൂറ്റാണ്ടിൽ സ്ഥാപിതമായ ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ASI ആണ് മേൽനോട്ടം വഹിക്കുന്നത്. 1978 ലാണ് ഭണ്ഡാരം അവസാനമായി തുറന്നത്.