മോഹൻലാൽ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ബറോസിനായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്. റിലീസ് അടുക്കുന്നതിനിടെ ചിത്രത്തിന്റെ രസകരമായ ഒരു അനിമേറ്റഡ് വീഡിയോ പങ്കുവക്കുകയാണ് മോഹൻലാൽ. ഫെയ്സ്ബുക്കിലൂടെയാണ് മോഹൻലാൽ വീഡിയോ പങ്കുവച്ചത്. “Barroz & Voodoo” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ എത്തിയിരിക്കുന്നത്.
സിനിമയിൽ മോഹൻലാലിന്റെ വേഷത്തിനോട് സമാനമായാണ് അനിമേഷനിലെ കഥാപാത്രത്തെയും ഒരുക്കിയിരിക്കുന്നത്. രസകരമായ രീതിയിൽ ഒരുക്കിയിരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ്. സെപ്റ്റംബർ 12-നാണ് ബറോസ് തിയേറ്ററുകളിലെത്തുന്നത്. വ്യത്യസ്ത വേഷത്തിലെത്തി പ്രേക്ഷകരെ ഞെട്ടിച്ച പ്രിയ താരം സംവിധായകന്റെ കുപ്പായമണിയുമ്പോൾ എങ്ങനെ ഉണ്ടാകുമെന്ന ആകാംക്ഷയിലാണ് മലയാളി പ്രേക്ഷകർ.
സുനിൽ നമ്പുവാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ടി കെ രാജീവ് കുമാറിന്റേതാണ് ആശയം. കൃഷ്ണദാസ് പങ്കിയുടെ വരികൾക്ക് രമേഷ് നാരായണാണ് സംഗീതം നൽകിയിരിക്കുന്നത്.
വർഷങ്ങളായുള്ള അഭിനയ ജീവിതത്തിൽ നിന്നും നേടിയ അറിവുകളും പാഠങ്ങളും ഉൾകൊണ്ടാണ് മോഹൻലാൽ സംവിധാന രംഗത്തേക്ക് കാലെടുത്ത് വയ്‌ക്കുന്നത്. അതേദിവസം തന്നെ രണ്ട് ത്രീഡി ചിത്രങ്ങളും തിയേറ്ററുകളിലെത്തുന്നുണ്ട്. ടോവിനോ തോമസ് നായകനാകുന്ന അജയന്റെ മോഷണം, ജയസൂര്യയുടെ കത്തനാർ എന്നീ ത്രീഡി ചിത്രങ്ങളും സെപ്റ്റംബറിലാണ് റിലീസ് ചെയ്യുന്നത്.