എറണാകുളം: മഴക്കാല പൂർവ ശുചീകരണം നടത്തുന്നതിൽ ഗവൺമെന്റിന് ഗുരുതര വീഴ്ച സംഭവിച്ചതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അഴുക്കുചാലുകളും ഓടകളും മറ്റും വൃത്തിയാക്കുന്നതിൽ ഗവൺമെന്റ് ശ്രദ്ധ ചെലുത്തിയില്ലെന്നും ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ നിയമസഭയിൽ ഉന്നയിക്കുമ്പോൾ ഭരണപക്ഷം പുച്ഛിച്ചു തള്ളുകയായിരുന്നുവെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണത്തൊഴിലാളിയെ കണ്ടെത്തുന്നതിനായുള്ള രക്ഷാ പ്രവർത്തനങ്ങൾ 27 മണിക്കൂർ പിന്നിടുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
” ശുചീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോൾ കോർപ്പറേഷനും റെയിൽവേയും തമ്മിൽ തർക്കമാണ്. ഇത്തരം തർക്കങ്ങൾ പരിഹരിക്കുന്നതിന് ഗവൺമെന്റ് മുൻകൈ എടുത്തില്ല. ഈ കെടുകാര്യസ്ഥതയാണ് എല്ലാ മേഖലയിലും കാണാൻ സാധിക്കുന്നത്. മഴക്കാല പൂർവ ശുചീകരണത്തിൽ വരുന്ന വീഴ്ചകൾ കാരണം പകർച്ച വ്യാധികൾ പടർന്നു പിടിക്കുകയാണ്. ആരോഗ്യ വകുപ്പും, തദ്ദേസസ്വയംഭരണ വകുപ്പും നോക്കുക്കുത്തികളാകുന്ന കാഴ്ചയ്‌ക്കാണ് ഇന്ന് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്.”- വിഡി സതീശൻ പറഞ്ഞു.
കേട്ടുകേൾവി പോലുമില്ലാത്ത രോഗങ്ങളാണ് സംസ്ഥാനത്ത് പടർന്നു പിടിക്കുന്നത്. ഇത്തരം സാഹചര്യങ്ങൾ സംസ്ഥാനത്ത് നിലനിൽക്കുമ്പോഴും ആരോഗ്യവകുപ്പ് മന്ത്രി കാപ്പാ കേസിലെ പ്രതിയെ മാലയിട്ട് സ്വീകരിക്കാൻ പോയിരിക്കുകയായിരുന്നു. ജനജീവിതത്തെ ദുരിതത്തിലാക്കുന്ന പ്രവൃത്തികളാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്നും വിഡി സതീശൻ പറഞ്ഞു.