ഹൈദരബാദ്: ആന്ധ്രാപ്രദേശിൽ നൃത്തപരിപാടിക്കിടെ കോഴിയെ കടിച്ചു കൊന്ന നർത്തകനെതിരെ പൊലീസ് കേസെടുത്തു. അനകപ്പള്ളിയിൽ നടന്ന പരിപാടിക്കിടെയാണ് നർത്തകൻ പരസ്യമായി കോഴിയെ കടിച്ചു കൊന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ കാഴ്ചക്കാരിൽ ഒരാൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.
കോഴിയുടെ ചോര വായിലെടുത്ത ശേഷം പുറത്തേക്ക് തുപ്പുന്നതടക്കമുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. സ്ത്രീ വേഷം ധരിച്ചാണ് സംഘം നൃത്തം ചെയ്യുന്നത്. ഇതിനിടയിൽ പ്രധാന നർത്തകൻ കോഴിയുടെ തൂവൽ കടിച്ചു പറിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കുട്ടികൾ അടക്കമുള്ള മുന്നിലിരിക്കുമ്പോഴാണ് ക്രൂരത അരങ്ങേറിയത്. മൃഗങ്ങളുടെ അവകാശങ്ങൾക്കായി പോരാടുന്ന സംഘടനയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സംഘാടകർക്ക് എതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
View this post on Instagram
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 429, 34, മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ (പിസിഎ) നിയമത്തിലെ സെക്ഷൻ 11 (1) എന്നിവ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.