ഹരാരെ: അഞ്ചാം ടി20യിൽ ആധികാരിക വിജയത്തോടെ പരമ്പര 4-1 ന് സ്വന്തമാക്കി ഇന്ത്യ. 42 റൺസിനായിരുന്നു ജയം. അവസാന മത്സരത്തിൽ ജയം തേടിയിറങ്ങിയ സിംബാബ്‌വെയെ നാലുവിക്കറ്റ് പിഴുത മുകേഷ് കുമാറാണ് ചുരുട്ടിക്കൂട്ടിയത്. 168 റൺസ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ സിംബാബ്‌വെ 18.3 ഓവറിൽ 125 റൺസിന് പുറത്തായി. 34 റൺസെടുത്ത ഡിയോണ്‍ മയേഴ്സാണ് ടോപ് സ്കോറർ.
തദിവനഷെ മരുമണി(27), ബ്രയാന്‍ ബെന്നറ്റ്(10) , ഫറാസ് അക്രം(27) എന്നിവരാണ് രണ്ടക്കം കടന്ന ബാറ്റർമാർ. ഇടവേളകളിൽ വിക്കറ്റ് വീഴ്‌ത്തി ഇന്ത്യൻ ബൗളർമാർ സിംബാബ്‌വെ ബാറ്റർമാരെ വരിഞ്ഞു മുറുക്കുകയായിരുന്നു. വാഷിംഗ്ടൺ സുന്ദർ, അഭിഷേക് ശർമ്മ, അരങ്ങേറ്റക്കാരൻ തുഷാർ ദേശ്പാണ്ഡെ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ ശിവം ദുബെ രണ്ടുവിക്കറ്റെടുത്തു.
നേരത്തെ ആദ്യ ഇന്നിംഗ്സിൽ ടി20യിലെ രണ്ടാം അർദ്ധസെഞ്ച്വറി 45 പന്തിൽ 58 റൺസ് നേടിയ സാംസന്റെ മികവിലാണ് ഇന്ത്യ നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് നേടിയത്. 40 റൺസടുക്കുന്നതിനിടെ ഇന്ത്യയുടെ മൂന്ന് വിക്കറ്റ് നഷ്ടമായി. യശസ്വി ജയ്സ്വാൾ(12), ശുഭ്മാൻ ഗിൽ(13), അഭിഷേക് ശർമ്മ(14) എന്നിവരാണ് പെട്ടെന്ന് കൂടാരം കയറിയത്.ഇന്നിംഗ്സിൽ ഉപനായകൻ മാത്രമാണ് 30 റൺസിന് മേലെ സ്കോർ ചെയ്തത്.
ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ സഞ്ജു സാംസന്റെ പക്വതയോടെയുള്ള ഇന്നിംഗ്സാണ് ഇന്ത്യയെ തകർച്ചയിൽ നിന്ന് കരകയറ്റിയത്.റിയാൻ പരാഗുമായി (22) ചേർന്ന് 65 റൺസിന്റെ കൂട്ടുക്കെട്ടും ശിവം ദുബെയുമായി (26) ചേർന്ന് 30 റൺസ് ചേർക്കാനും സഞ്ജുവിനായി. റിങ്കു സിംഗ് (11), വാഷിംഗ്ടൺ സുന്ദർ(1) എന്നിവർ പുറത്താകാതെ നിന്നു.