ആലപ്പുഴ: പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത് ഡിവൈഎഫ്‌ഐ, സിപിഎം പ്രവർത്തകർ. ആലപ്പുഴ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലാണ് സംഭവം. നാല് സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. പൊതുസ്ഥലത്ത് മദ്യപിച്ചതിനും ഡ്യൂട്ടി തടസപ്പെടുത്തിയതിനും ലഹള ഉണ്ടാക്കിയതിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നേരത്തെേ പൊതുസ്ഥലത്ത് കാറിലിരുന്ന് മദ്യപിച്ചതിന് ഒരു സംഘം യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ഇറക്കാനായി സ്റ്റേഷനിലെത്തിയ പ്രവർത്തകരാണ് പൊലീസുകാരെ കയ്യേറ്റം ചെയ്തത്. അമ്പലപ്പുഴ എംഎൽഎയുടെ പി.എയുടെ അനിയന്റെ നേതൃത്വത്തിലായിരുന്നു കയ്യേറ്റം.
പൊലീസ് സ്റ്റേഷനിൽ വാക്കുതർക്കമായതോടെ സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ ഉൾപ്പടെയുള്ളവർ സ്റ്റേഷനിലെത്തിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കാമെന്ന് ഡിവൈ.എസ്പി ഉറപ്പ് നൽകിയതോടെയാണ് പ്രവർത്തകർ പിരിഞ്ഞ് പോയത്. അതേസമയം, പൊലീസുകാർ മർദ്ദിച്ചെന്നാരോപിച്ച് സിപിഎം പ്രവർത്തകർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.















