ഇൻഡോർ: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരം എന്ന ഖ്യാതിക്ക് പിന്നാലെ മറ്റൊരു അത്യപൂർവ നേട്ടം കൂടി സ്വന്തമാക്കി മധ്യപ്രദേശിലെ ഇൻഡോർ നഗരം. 24 മണിക്കൂറിനുള്ളിൽ 11 ലക്ഷത്തിലധികം വൃക്ഷതൈകൾ നട്ടുപിടിപ്പിച്ച് പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചിരിക്കുകയാണ് ഇൻഡോർ. പരിസ്ഥിതി സുസ്ഥിരതയ്‌ക്കുള്ള ഈ ചുവടുവയ്പ്പിന് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്.
മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ നിന്ന് ഔദ്യോഗിക സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ഇൻഡോറിലെ വിജയകരമായ ഉദ്യമത്തിന് മുഖ്യമന്ത്രി എക്‌സിൽ പങ്കുവച്ച കുറിപ്പിലൂടെ അഭിനന്ദനമറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്യാമ്പയിനിൽ നിന്നും പ്രചോദനമുൾക്കൊണ്ടുള്ള മധ്യപ്രദേശിന്റെ ഈ അഭിമാന നേട്ടം പ്രകൃതി സംരക്ഷണത്തിന്റെ ശക്തമായ സന്ദേശം നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ഒറ്റ ദിവസം കൊണ്ട് 9,26,000 തൈകൾ നട്ടുപിടിപ്പിച്ച അസമിന്റെ പേരിലാണ് ഇതിനു മുൻപ് ഗിന്നസ് വേൾഡ് റെക്കോർഡ് ഉണ്ടായിരുന്നത്. ഇതാണ് ഇൻഡോർ സ്വന്തമാക്കിയിരിക്കുന്നത്. പ്ലാൻ്റേഷൻ മേഖലയായ രേവതി റേഞ്ച് 9 സോണുകളും 100 സബ്‌സോണുകളുമായി തിരിച്ചായിരുന്നു വൃക്ഷതൈകൾ നട്ടത്. ഈ മെഗാ പ്ലാൻ്റേഷൻ ഡ്രൈവ് 100 ക്യാമറകളിലൂടെ നിരീക്ഷിക്കപ്പെട്ടു.