തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റിനുള്ളിൽ രോഗി കുടുങ്ങി. ഓർത്തോ ഒപിയിൽ വന്ന ഉള്ളൂർ സ്വദേശിയായ രവീന്ദ്രൻ നായരാണ് ലിഫ്റ്റിനുള്ളിൽ അകപ്പെട്ടത്. സാങ്കേതിക പ്രശ്നം പരിഹരിക്കാനെത്തിയ ലിഫ്റ്റ് ഓപ്പറേറ്ററാണ് അവശനിലയിൽ വയോധികനെ കണ്ടത്. ഒന്നര ദിവസമാണ് രവീന്ദ്രൻ ലിഫ്റ്റിനുള്ളിൽ കിടന്നത്.
രവീന്ദ്രന്റെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ നിലത്ത് വീണ് പൊട്ടിയതോടെ ആരെയും വിവരം അറിയിക്കാൻ സാധിച്ചിരുന്നില്ല. ആശുപത്രിയിലെ സൂപ്രണ്ടിന്റെ ഓഫീസ് ഉൾപ്പെടുന്ന ഒപി ബ്ലോക്കിലെ ലിഫ്റ്റിനുള്ളിലാണ് വയോധികൻ അകപ്പെട്ടത്. നടുവേദനയെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് വയോധികൻ ആശുപത്രിയിലെത്തിയത്.
ഒന്നാമത്തെ നിലയിലെ ഒപിയിൽ നിന്ന് രണ്ടാമത്തെ നിലയിലുള്ള ലാബിലേക്ക് പോകുന്നതിനാണ് വയോധികൻ ലിഫ്റ്റിൽ കയറിയത്. കുറച്ച് മുകളിലേക്ക് പോയതോടെ പെട്ടെന്ന് ഒരു ശബ്ദത്തോടെ ലിഫ്റ്റ് നിന്ന് പോവുകയായിരുന്നു. ലിഫ്റ്റിന്റെ വാതിലിൽ ഒരുപാട് തവണ അടിച്ചെങ്കിലും ആരും കേട്ടിരുന്നില്ല.
ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ല. തുടർന്ന് ഇന്നലെ രാത്രി 12 മണിയോടെ രവീന്ദ്രൻ നായരെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്ന് രാവിലെ ലിഫ്റ്റ് ഓപ്പറേറ്റർ തകരാറ് പരിഹരിക്കാനെത്തിയപ്പോഴാണ് ലിഫ്റ്റിനുള്ളിൽ ആള് കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. രവീന്ദ്രൻ നായരെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്.















