ന്യൂഡൽഹി : അയോദ്ധ്യയിൽ നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ (എൻഎസ്ജി) ഹബ് നിർമിക്കാനുള്ള ഒരുക്കങ്ങൾ ശക്തം . എൻഎസ്ജി സംഘം ജൂലൈ 17ന് ഇവിടെയെത്തി ക്ഷേത്ര സമുച്ചയത്തിന് ചുറ്റുമുള്ള സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്യും.
എൻഎസ്ജി സംഘത്തെ ഇവിടെ സ്ഥിരമായി വിന്യസിക്കും. നാല് ദിവസം അയോദ്ധ്യയിൽ തങ്ങുന്ന അവർ രാമജന്മഭൂമിയുടെയും പരിസര പ്രദേശങ്ങളുടെയും സുരക്ഷ വിലയിരുത്തും. സംഘം ജൂലൈ 20 വരെ അയോദ്ധ്യയിൽ തുടരും.അ യോദ്ധ്യയിൽ രാമക്ഷേത്രം നിർമിച്ചതു മുതൽ തീവ്രവാദ ഭീഷണി വർധിച്ചിട്ടുണ്ട്. ഇത്തരം ഭീഷണികളെ നേരിടാൻ കേന്ദ്രസർക്കാർ പദ്ധതി തയ്യാറാക്കിവരികയാണ്.
2024 ജനുവരിയിൽ രാമക്ഷേത്രത്തിലെ പ്രതിഷ്ഠയ്‌ക്ക് ശേഷം, ഭക്തരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായി. പ്രതിദിനം ഒരു ലക്ഷത്തിലധികം ഭക്തരാണ് ഇവിടെ ദർശനത്തിനെത്തുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് ഇവിടെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കാൻ ഊന്നൽ നൽകുന്നത്. അയോദ്ധ്യയിൽ എൻഎസ്ജിയുടെ ഹബ്ബ് രൂപീകരിക്കാൻ കേന്ദ്രസർക്കാർ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. എൻഎസ്ജി ഹബ്ബിൽ ബ്ലാക്ക് ക്യാറ്റ് കമാൻഡോകളെ വിന്യസിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഭീകരാക്രമണങ്ങൾ ഉണ്ടായാൽ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് എൻ എസ്ജി സംഘം ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. അയോദ്ധ്യയ്‌ക്ക് ചുറ്റുമുള്ള സുരക്ഷയും അവലോകനം ചെയ്യും. നിലവിൽ, രാമനവമി, സാവൻ, കാർത്തിക് പരിക്രമ മേളകളിൽ രാംനഗരിയിൽ എടിഎസ് വിന്യസിച്ചിട്ടുണ്ട്. രാമക്ഷേത്രത്തിന്റെ സുരക്ഷാ ചുമതല ഇപ്പോൾ എസ്എസ്എഫാണ് കൈകാര്യം ചെയ്യുന്നത്. ഇതിന് പുറമെ സിആർപിഎഫിനെയും വിന്യസിച്ചിട്ടുണ്ട്. എസ്എസ്എഫ് സൈനികർക്ക് എൻഎസ്ജി തന്നെ പരിശീലനം നൽകിയിട്ടുണ്ട്. പ്രത്യേക സേനയുടെ 200 കമാൻഡോകളാണ് നിലവിൽ അയോദ്ധ്യയിൽ സുരക്ഷയൊരുക്കുന്നത്.















