കേരളം ആരോഗ്യപ്രതിസന്ധിയിലേക്കെന്ന് സൂചനകൾ നൽകി പൊതുജനാരോഗ്യ വിദഗ്ധനും ഇടത് സഹയാത്രികനുമായ ഡോ. ബി. ഇക്ബാൽ. കേരളത്തിൽ സമീപകാലത്ത് പകർച്ച വ്യാധികളുടെ വ്യാപനം ശക്തിപ്പെട്ടുവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പകർച്ചേതര-പകർച്ചാവ്യാധികളുടെ ഇരട്ട രോഗഭാരം പേറുന്ന സമൂഹമായി കേരളം മാറിയിരിക്കുകയാണ്. ക്യൂബ, നിക്കാരഗ്വ , ശ്രീലങ്ക തുടങ്ങി രാജ്യങ്ങളിൽ തുടച്ച് നീക്കപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്തിട്ടുള്ള പകർച്ചവ്യാധികൾ പലതും കേരളത്തിൽ കാണപ്പെടുന്നു. ഇതേ രീതിയിൽ മുന്നോട്ട് പോയാൽ ആപത്താണെന്ന മുന്നറിയിപ്പും അദ്ദേഹം സമൂഹ മാദ്ധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെ നൽകി.
കേരളത്തിൽ സമീപകാലത്ത് പകർച്ച വ്യാധികളുടെ വ്യാപനം ശക്തിപ്പെട്ടുവരികയാണെന്ന് ഇക്ബാൽ പറഞ്ഞു. ഡെങ്കി, ചിക്കുൻ ഗുനിയ, എച്ച് 1 എൻ 1. വയറിളക്ക രോഗങ്ങൾ, എലിപ്പനി (Leptospirosis), വെസ്റ്റ് നൈൽ, മസ്തിഷ്കജ്വരം (Japanese Encephalitis), സ്ക്രബ് ടൈഫസ് (Scrub Typhus), കരിമ്പനി (Leishmaniasis), കുരങ്ങ്പനി (Kyasanur Forest Disease) തുടങ്ങിയ പകർച്ചവ്യാധികൾ കേരളത്തിൽ പ്രാദേശിക രോഗമായി (Endemic) ഏറിയും കുറഞ്ഞും നിലനിൽക്കുകയും നിരവധിപേരുടെ ജീവൻ വർഷംതോറും അപഹരിച്ച് വരികയുമാണ്. നീപ, സിക തുടങ്ങിയ രോഗങ്ങളും കേരളത്തിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അതിനിടെ കോളറ രോഗവും അതു മൂലമുള്ള മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കയാണ് . അടുത്തകാലത്തായി പേപ്പട്ടി വിഷബാധയും കേരളത്തിൽ വർധിച്ച് വരികയാണ്. ഇന്നത്തെ തലമുറയിലെ ഡോക്ടർമാർ വൈദ്യഗ്രന്ഥങ്ങളിൽ മാത്രം പഠിച്ചിട്ടുള്ള അമീബിയാസിസ് രോഗം തലച്ചോറിനെ ബാധിച്ച ഏതാനും പേരും മരണമടഞ്ഞിരിക്കുന്നു.
പകർച്ചേതര-പകർച്ചാവ്യാധികളുടെ ഇരട്ട രോഗഭാരം പേറുന്ന സമൂഹമായി കേരളം മാറിയിരിക്കയാണ്. കേരളത്തിൽ പകർച്ചേതര രോഗങ്ങൾ, ജീവിതശൈലിരോഗങ്ങൾ എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടാറുള്ള പ്രമേഹം, രക്താതിമർദ്ദം, കാൻസർ, ശ്വാസകോശരോഗങ്ങൾ തുടങ്ങിയ ദീർഘസ്ഥായി രോഗങ്ങളും വർധിച്ച് വരുന്നുണ്ട്. പകർച്ച-പകർച്ചേതര രോഗങ്ങൾ ഒരു വിഷമവൃത്തം പോലെ പരസ്പരം രോഗരൂക്ഷതക്കും കാരണമാവുന്നും. പകർച്ചവ്യാധികൾ പ്രമേഹം പോലുള്ള രോഗങ്ങളെ മൂർച്ചിപ്പിക്കുന്നു.
ശിശുമരണനിരക്ക്, ആയുർദൈർഘ്യം തുടങ്ങിയ അംഗീകൃത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളം ആരോഗ്യമേഖലയിൽ വികസിതരാജ്യങ്ങൾക്ക് ഏതാണ്ട് തുല്യമായ സ്ഥാനം നേടിയതായി കരുതപ്പെടുന്നത്. എന്നാൽ വികസ്വരരാജ്യങ്ങളിൽ നിന്നും, ആരോഗ്യമേഖലയിൽ മികച്ച് നിൽക്കുന്ന ക്യൂബ, നിക്കാരഗ്വ ശ്രീലങ്ക തുടങ്ങിയ വികസ്വരരാജ്യങ്ങളിൽ തുടച്ച് നീക്കപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്തിട്ടുള്ള പകർച്ചവ്യാധികൾ പലതും കേരളത്തിൽ കാണപ്പെടുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്.
പകർച്ചവ്യാധികളുടെയും മറ്റും സാന്നിധ്യം പരിഗണിച്ച് നിഷേധ പരീഗണന (നെഗറ്റീവ് വെയ്റ്റേജ്) നൽകിയാൽ കേരളം ആരോഗ്യമികവിൽ മറ്റ് രാജ്യങ്ങളുടെ പട്ടികയിൽ പുറകിലാവാൻ സാധ്യതയുണ്ട്, അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞു.