തിരുവനന്തപുരം: രാത്രി മുഴുവൻ ലിഫ്റ്റിൽ കിടന്നുവെന്നും ഫോൺ വിളിച്ചിട്ട് ആരും എടുത്തില്ലെന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റിൽ കുടുങ്ങിയ രവീന്ദ്രൻ പറഞ്ഞു. ലിഫ്റ്റിൽ കയറിയതും പെട്ടെന്ന് മുകളിലേക്ക് പോയി. പിന്നീട് പതിയെ താഴേക്ക് വന്ന് നിൽക്കുകയായിരുന്നു. കയ്യിലെ മൊബൈൽ തറയിൽ വീണുപൊട്ടി. ഒരുപാട് തവണ വാതിലിൽ തട്ടുകയും ഉറക്കെ വിളിക്കുകയും ചെയ്തു. പക്ഷേ, ആരും കേട്ടില്ല. കയ്യിലുണ്ടായിരുന്ന ഫോണിൽ നിന്ന് ഒരുപാട് തവണ ആശുപത്രി അധികൃതരെ വിളിച്ചിട്ട് സഹായത്തിനായി ആരും എത്തിയില്ലെന്നും രവീന്ദ്രൻ നായർ പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച ആറ് മണിക്ക് ലിഫ്റ്റിൽ കുടുങ്ങിയ രവീന്ദ്രൻ നായർ ഇന്ന് രാവിലെ ആറ് മണിക്കാണ് ലിഫ്റ്റിൽ നിന്നും പുറത്തിറങ്ങിയത്. ആശുപത്രിയിൽ പോയി മണിക്കൂറുകൾ പിന്നിട്ടും രവീന്ദ്രനെ കാണാതായതോടെ വീട്ടുകാർ മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിരുന്നു. തുടർന്ന് ആശുപത്രിക്കുള്ളിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് രവീന്ദ്രനെ ലിഫ്റ്റിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയത്. സാങ്കേതിക തകരാറ് പരിഹരിക്കാനെത്തിയ ലിഫ്റ്റ് ഓപ്പറേറ്ററാണ് രവീന്ദ്രനെ കണ്ടത്.
ലിഫ്റ്റിന് മുന്നിൽ തകരാർ മുന്നറിയിപ്പ് എഴുതിവച്ചിരുന്നില്ലെന്നും കേസുമായി മുന്നോട്ട് തന്നെ പോകുമെന്നും രവീന്ദ്രന്റെ കുടുംബം അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മൂന്ന് മണി വരെ ആരും ലിഫ്റ്റിൽ കുടുങ്ങാനുള്ള സാധ്യതയില്ലെന്നാണ് ആശുപത്രി ജീവനക്കാർ പറയുന്നത്.