തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലകപ്പെട്ട ശുചീകരണ തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ വിങ്ങിപ്പൊട്ടി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ജോയിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ പാറശാല എംഎൽഎ സി.കെ ഹരീന്ദ്രനോട് സംസാരിക്കുമ്പോഴാണ് മേയർ കണ്ണീർ പൊഴിച്ചത്.
ഇത്ര കഷ്ടപ്പെട്ടിട്ടും ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്നും ജോയിയെ ജീവനോടെ കിട്ടുമെന്നാണ് കരുതിയതെന്നും മേയർ എംഎൽഎയോട് പറഞ്ഞു. നഗരസഭയുടെ ഭാഗത്ത് നിന്ന് സാധ്യമായതെല്ലാം ചെയ്തെന്നും മേയർ കൂട്ടിച്ചേർത്തു. കരയുന്ന മേയറെ എംഎൽഎയാണ് ആശ്വസിപ്പിച്ചത്.
നഗരസഭയുടെ അനാസ്ഥയാണ് ജോയിയുടെ ജീവനെടുത്തതെന്ന് രൂക്ഷ വിമർശനം ഉയരുന്നതിനിടെയാണ് മേയറുടെ കണ്ണീർ നാടകം. ശുചീകരണ തൊഴിലാളി ഒഴുക്കിൽപെട്ടെന്ന വാർത്ത പുറംലോകമറിഞ്ഞത് മുതൽ നഗരസഭ റെയിൽവേയെ പഴി ചാരുകയായിരുന്നു. തോട്ടിലെ മാലിന്യം നീക്കാൻ റെയിൽവേയ്‌ക്ക് നോട്ടീസ് നൽകിയെങ്കിലും മാലിന്യം നീക്കം ചെയ്യാൻ തയ്യാറായില്ലെന്നുമായിരുന്നു നഗരസഭയുടെ വാദം. എന്നാൽ മാലിന്യം നീക്കാൻ നഗരസഭ അനുമതി ചോദിക്കുകയോ അപേക്ഷ സമർപ്പിക്കുകയോ ചെയ്തിട്ടിലെന്ന് അസിസ്റ്റൻ്റ് ഡിവിഷണൽ മാനേജർ വിജി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഉത്തരവാദിത്തം റെയിൽവേയുടെ തലയിൽ വച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണ് നഗരസഭ നടത്തുന്നതെന്ന വിമർശനം ശക്തമാണ്.
നഗരസഭ നടത്തേണ്ട മഴക്കാല പൂർവ ശുചീകരണങ്ങൾ ഇക്കുറി പൂർണമായി താളംതെറ്റിയെന്ന വിമർശനം നേരത്തെ മുതൽ ഉയർന്നിരുന്നു. എന്നാൽ കോർപ്പറേഷൻ യാതൊരു നടപടിയും സ്വീകരിച്ചില്ല. ജോയിയെ കാണാതായതിന് പിന്നാലെ മുതൽ റെയിൽവേയുടെ മേൽ പഴിചാരി ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചൊടാനായിരുന്നു മേയറുടെയും സിപിഎമ്മിന്റെയും ശ്രമം.















