ന്യൂഡൽഹി: മദ്ധ്യപ്രദേശിലെ ചരിത്രപ്രസിദ്ധമായ ഭോജ്‌ശാല സമുച്ചയം മുൻപ് ക്ഷേത്രമായിരുന്നുവെന്ന് സ്ഥിരീകരിച്ച് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ( എഎസ്ഐ). ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ഭോജ്ശാല സമുച്ചയത്തിൽ എഎസ്ഐ ശാസ്ത്രീയ സർവേ പൂർത്തിയാക്കിയിരുന്നു. തുടർന്ന് കോടതിയിൽ സമർപ്പിച്ച സർവേ റിപ്പോർട്ടിലാണ് പഴയ ക്ഷേത്ര ഭാഗങ്ങൾ ഉപയോഗിച്ചാണ് നിലവിലുള്ള നിർമ്മിതിയെന്ന് എസ്എസ്ഐ വ്യക്തമാക്കിയത്. ഈ റിപ്പോർട്ടിന്റെ പകർപ്പ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും അയച്ചിട്ടുണ്ട്.
ഖനനത്തിൽ വികൃതമാക്കപ്പെട്ട വിധത്തിൽ ഹിന്ദു ദേവതകളുടെ 94 ശിൽപ്പങ്ങൾ കണ്ടെത്തിയതായി എഎസ്ഐ റിപ്പോർട്ടിൽ പറയുന്നു. ഒരു വിഗ്രഹത്തിന്റെ വലതു കൈയിൽ ഏകദേശം 10 സെൻ്റീമീറ്റർ നീളവും 8 സെൻ്റീമീറ്റർ വീതിയുമുള്ള ചാരനിറത്തിലുള്ള ത്രിശൂലവും ആലേഖലം ചെയ്തിട്ടുണ്ട്. സരസ്വതിദേവി, മഹിഷാസുര മർദിനി, മഹാഗണപതി, ശ്രീകൃഷ്ണൻ, വാസുകി, മഹാവിഷ്ണു വിഗ്രഹങ്ങളും , നാഗപ്രതിഷ്ഠകളും ഇവിടെ നിന്ന് കണ്ടെടുത്തിരുന്നു. ഇവയെല്ലാം വികൃതമാക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. പള്ളികളിൽ മനുഷ്യരുടെയും മൃഗങ്ങളുടെയും രൂപങ്ങൾ അനുവദനീയമല്ല. അതിനാലാകാം രൂപമാറ്റം വരുത്തിയതെന്നാണ് നിഗമനം.
ക്ഷേത്രം പരമാര കാലഘട്ടത്തിലെതാണെന്ന നിഗമനത്തിലും എഎസ്ഐ എത്തി. സമുച്ചയത്തിൽ കണ്ടെത്തിയ ലിഖിതങ്ങളിൽ ഭൂരിഭാഗവും “ഓം സരസ്വതി നമഃ, ഓം നമഃ ശിവായ തുടങ്ങിയവയാണ്. ഇതിന് പുറമേ സമുച്ചയത്തിന്റെ ചുമരുകളിൽ സംസ്കൃതത്തിലും പ്രാകൃതത്തിലും വലിയ ലിഖിതങ്ങൾ കണ്ടെത്തി. സംസ്‌കൃത ലിഖിതങ്ങൾക്ക് അറബിക് ലിഖിതങ്ങളേക്കാൾ പഴക്കമുണ്ട്.
ഈ വർഷം മാർച്ചിലാണ് എഎസ്ഐ സർവേ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഫ്രണ്ട് ഫോർ ജസ്റ്റിസ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ചിനെ സമീപിച്ചത് .
പതിനൊന്നാം നൂറ്റാണ്ടിലെ എഎസ്ഐ സംരക്ഷിത സ്മാരകമായ ഭോജ്ശാലയെ ഹിന്ദുക്കൾ സരസ്വതി ദേവിയുടെ ക്ഷേത്രമായി കണക്കാക്കുന്നു, മുസ്ലീങ്ങൾ അതിനെ കമൽ മൗല പള്ളി എന്ന് വിളിക്കുന്നു. ജ്ഞാൻവാപിയിൽ ആർക്കിയോളജിക്കൽ സർവേ റിപ്പോർട്ടിന് പിന്നാലെയാണ് ഭോജ്ശാലയിലെ സത്യവും പുറത്ത് വന്നത്.