കഴിഞ്ഞ മൂന്ന് ദിവസമായി കേരളം ഒന്നടങ്കം ജോയി എന്ന ശുചീകരണ തൊഴിലാളിയെ തിരയുകയായിരുന്നു. എൻഡിആർഎഫും അഗ്നിരക്ഷാസേനയും സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് ആമയിഴഞ്ചാൻ തോട്ടിൽ നടത്തിയത്. സ്വന്തം ജീവൻ പോലും വകവയ്‌ക്കാതെ മാലിന്യക്കൂമ്പാരത്തിൽ ഒരു കൂട്ടം രക്ഷാപ്രവർത്തകർ ഇറങ്ങി കൈ മെയ് നോക്കാതെ ജോയിക്കായി തിരച്ചിൽ നടത്തിയത് ശ്വാസം അടക്കിപ്പിടിച്ചാണ് കേരളക്കര കണ്ടത്.
ജോയിയുടെ ജീവൻ രക്ഷിക്കാൻ സാധിക്കാതെ പോയെങ്കിലും കണ്ടാൽ അറയ്‌ക്കുന്ന പുഴയിലിറങ്ങി രക്ഷാപ്രവർത്തനം നടത്തിയ അഗ്നിരക്ഷാസേനയെ നാടൊന്നാകെ അഭിനന്ദിക്കുകയാണ്. വെല്ലുവിളികളെ കൂട്ടായ പരിശ്രമത്തിലൂടെ തരണം ചെയ്ത് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് സേന നടത്തിയത്.
120 മീറ്റർ നീളമുള്ള അതീവ ദുഷ്കരമായ ടണലിനുള്ളിലൂടെയാണ് രക്ഷാപ്രവർത്തനം നടത്തിയതെന്ന് സേനാംഗം പറയുന്നു. ഒരാൾ വെള്ളത്തിലകപ്പെട്ടു എന്ന ഫോൺ കോളിനെ തുടർന്നാണ് തിരച്ചിലിന് എത്തിയത്. ഉള്ളിലേക്ക് പോയതിന് ശേഷം മാത്രമാണ് മുന്നോട്ടുള്ള വഴി ദുർഘടമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്നാണ് സ്കൂബ സംഘത്തെ തിരച്ചിലിന് അയച്ചത്. ആരുമൊന്ന് ഇറങ്ങാൻ മടിക്കുന്ന, കണ്ടാൽ അറയ്ക്കുന്ന, ദുർഗന്ധം വമിക്കുന്ന മാലിന്യക്കൂമ്പാരത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
രാജാജി നഗർ, ചാക്ക, വർക്കല, കല്ലമ്പലം, ആറ്റിങ്ങൽ, പാറശാല, വിഴിഞ്ഞം എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സംഘമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. 100 അംഗ സംഘത്തിനൊപ്പം മറ്റ് ജില്ലകളിൽ നിന്നുള്ളവരും പങ്കുച്ചേർന്നിരുന്നു. തിരുവനന്തപുരത്ത് നിന്ന് 14-ഉം കൊല്ലത്ത് നിന്ന് അഞ്ച് സ്കൂബ അംഗങ്ങളുമാണ് മാലിന്യനിറഞ്ഞ വെള്ളത്തിൽ ഊളിയിട്ട് തിരച്ചിൽ നടത്തിയത്. 20 പേരടങ്ങുന്ന എൻഡിആർഎഫ് സംഘമാണ് സ്ഥലത്ത് എത്തിയത്. അഗ്നിരക്ഷാ സേനയെ സഹായിക്കുകയായിരുന്നു ഇവരുടെ ദൗത്യം. ഇതിന് പുറമേ 72 പേരടങ്ങുന്ന നഗരസഭാ ശുചീകരണ സംഘവും സ്ഥലത്തുണ്ടായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത മെഡിസിൻ വിഭാഗവും പ്രത്യേക ക്രമീകരണം നടത്തിയിരുന്നു.
തലസ്ഥാനം പുറത്തള്ളുന്ന മാലിന്യത്തിന്റെ നേർക്കാഴ്ചയാണ് ആമയിഴഞ്ചാൻ തോട്ടിൽ നിന്നും കണ്ടത്. പതിറ്റാണ്ടുകളായി തള്ളിയ മാലിന്യം കട്ടപ്പിടിച്ച് തോടിന്റെ അടിത്തട്ടിൽ അടിഞ്ഞുകൂടി പാറ പോലെ ഉറച്ചിരിക്കുകയാണ്. പരിസ്ഥിതി സംരക്ഷണത്തിനും ജലസ്രോതസുകളുടെ സംരക്ഷണത്തിനും നാടാകെ പദ്ധതികൾ അനുദിനം കൂൺ പോലെ മുളയ്‌ക്കുമ്പോഴാണ് മനുഷ്യമനസിനെ മരവിപ്പിക്കുന്ന മാലിന്യത്തിന്റെ ഭയപ്പെടുന്ന കാഴ്ച. ഇതിനിടയിലും മനസിടറാതെ ജോയിക്കായി തിരച്ചിൽ നടത്തിയ രക്ഷാപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ..















