റാഞ്ചി (ഝാർഖണ്ഡ്): രാഷ്‌ട്രീയ സ്വയംസേവക സംഘത്തിൽ പ്രവർത്തിക്കാൻ ആഗ്രഹിച്ചെത്തുന്ന യുവാക്കളുടെ എണ്ണത്തിൽ വലിയ വർധനയാണെന്ന് ആർഎസ്എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ. ആർഎസ്എസിനെ അറിയാനും ഒപ്പം ചേരാനും ആഗ്രഹിക്കുന്നവർക്കായി 2012 ലാണ് ജോയിൻ ആർഎസ്എസ് എന്ന ഓൺലൈൻ പ്ലാറ്റ്ഫോം ആരംഭിച്ചത്. വർഷം ഒന്നേ കാൽ ലക്ഷത്തോളം യുവാക്കളാണ് ഇത്തരത്തിൽ സംഘത്തിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങളിൽ പങ്കാളിയാവുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഈ വർഷം ജൂൺ വരെയുള്ള റിപ്പോർട്ട് അനുസരിച്ച് 66529 പേർ ജോയിൻ ആർഎസ്എസിൽ ചേർന്നു. റാഞ്ചി സരള ബിർള വിദ്യാലയത്തിൽ സമാപിച്ച ആർഎസ്എസ് അഖില ഭാരതീയ പ്രാന്തപ്രചാരക് ബൈഠക്കിന്റെ വിവരങ്ങൾ മാധ്യമപ്രവർത്തകരോട് പങ്കുവെയ്‌ക്കുകയായിരുന്നു അദ്ദേഹം.
സംഘം രൂപീകൃതമായി 100 വർഷങ്ങൾ പൂർത്തിയാക്കുന്ന 2025 വിജയദശമിക്കുള്ളിൽ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും എല്ലാ മണ്ഡലങ്ങളിലും നഗരങ്ങളിലെ എല്ലാ സ്ഥലങ്ങളിലും ആർഎസ്എസ് ശാഖകൾ ആരംഭിക്കും. 2024 മാർച്ച് വരെയുള്ള റിപ്പോർട്ട് പ്രകാരം ആകെയുള്ള 58981 മണ്ഡലങ്ങളിൽ 36823 മണ്ഡലങ്ങളിൽ ശാഖയുടെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. നഗരങ്ങളിൽ 23649 സ്ഥലങ്ങളിൽ 14645 ഇടങ്ങളിലും നിത്യശാഖ നടക്കുന്നു. മറ്റുള്ളിടങ്ങളിൽ ആഴ്ചയിലൊരിക്കലോ മാസത്തിലോ ചേരുന്ന സംവിധാനമാണുള്ളത്.
ഇത്തരത്തിൽ രാജ്യത്താകെ നിലവിൽ 73117 ശാഖകളും 27717 സാപ്താഹിക് മിലനുകളും നടക്കുന്നുണ്ട്. ശ്രീരാമജന്മഭൂമി അക്ഷത വിതരണ അഭിയാൻ വഴി ആറേകാൽ ലക്ഷം ഗ്രാമങ്ങളിൽ 15 ദിവസം കൊണ്ട് സംഘപ്രവർത്തകരെത്തിയെന്നും അദ്ദേഹം പറഞ്ഞു. സംഘം മുന്നോട്ടു വയ്‌ക്കുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ സമാജം വലിയ അളവിൽ പങ്ക് ചേരുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗ്രാമീണ മേഖലയുടെ വികസനം മുൻനിർത്തി സംഘത്തിന്റെ സേവാ, ഗ്രാമ വികാസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പദ്ധതി തയാറാക്കും. രാജ്യമൊട്ടാകെ സംഘം നടത്തുന്ന സേവാ പ്രവർത്തനങ്ങൾക്കൊപ്പം യുവാക്കളെ സ്വാവലംബികളാക്കുന്നതിനും ഊന്നൽ നല്കും. ആർഎസ്എസിന്റെയും വിവിധ ക്ഷേത്ര സംഘടനകളുടെയും പ്രധാന ചുമതലക്കാർ പങ്കെടുക്കുന്ന മൂന്ന് ദിവസത്തെ അഖില ഭാരതീയ സമന്വയ ബൈഠക്കിന് കേരളം വേദിയാകും. ആഗസ്ത് 31, സപ്തംബർ ഒന്ന്, രണ്ട് തീയതികളിലായി പാലക്കാടാണ് സമന്വയ ബൈഠക് ചേരുക.
കഴിഞ്ഞ വർഷം നടന്ന പ്രാഥമിക ശിക്ഷാ വർഗുകളിലൂടെ ഒരു ലക്ഷം പുതിയ പ്രവർത്തകർ പരിശീലനം നേടി. പുതിയ പാഠ്യക്രമത്തിന്റെ ഭാഗമായുള്ള പ്രാരംഭിക് വർഗുകൾ ഈ വർഷം നടക്കുമെന്നും അദ്ദേഹം പറഞ്ഞു. നിർബന്ധിതവും പ്രലോഭനത്തിലൂടെയുമുള്ള മതം മാറ്റം തെറ്റാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അത് നിരോധിക്കുന്ന നിയമങ്ങൾ നിലവിലുണ്ട്. ആ നിയമം പൂർണമായും പാലിക്കുകയാണ് വേണ്ടത്, സുനിൽ ആംബേക്കർ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ആർഎസ്എസ് നേരിട്ടിടപെടാറില്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ജനാഭിപ്രായങ്ങളെ പരിഷ്‌കരിക്കുകയും അവരെ സമ്മതിദാന നിർവഹണത്തിന് പ്രേരിപ്പിക്കുകയുമാണ് സംഘം ചെയ്യുന്നത്. ഇക്കുറിയും സംഘ പ്രവർത്തകർ ചെറിയ ചെറിയ ചർച്ചകളിലൂടെയും മറ്റും അത് നിർവഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഝാർഖണ്ഡ് പ്രാന്ത സംഘചാലക് സച്ചിദാനന്ദലാൽ, അഖില ഭാരതീയ സഹ പ്രചാർ പ്രമുഖുമാരായ നരേന്ദ്രകുമാർ, പ്രദീപ് ജോഷി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.