സ്മാർട്ട് ഫോണും സ്മാർട്ട് ഗെയിമുകളും കവർന്നെടുക്കുന്ന ഇക്കാലത്ത് പക്ഷികളെയും മൃഗങ്ങളെയും പ്രകൃതിയെയും സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നവർ വളരെ അപൂർവമാണ്. സ്മാർട്ട് യുഗത്തിൽ സ്മാർട്ടായി നടക്കുന്നതിനിടെ പലരും ചുറ്റുമുള്ള ലോകത്തെ മറക്കുകയാണ്. എന്നാൽ കോട്ടയം ജില്ലയിലെ പള്ളിക്കത്തോട്ടിൽ ഒരു പത്തുവയസുകാരിയുണ്ട്, അവൾക്കൊരു ഗോശാലയുമുണ്ട്. ജീവനെ പോലെയാണ് അവൾ ഗോക്കളെ പരിപാലിക്കുന്നത്.
പശുക്കളുടെ ചെവിയനക്കം പോലും കിറുകൃത്യമായി അറിയുന്ന മുകുന്ദയാണ് ഇന്ന് സോഷ്യൽ മീഡിയയിലെ താരം. തന്നെയും ഗോശാലയും നേരിട്ട് കാണാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെത്തിയതിന്റെ സന്തോഷത്തിലാണ് മുകുന്ദയും കുടുംബവും. കോട്ടയം ജില്ലയിലെ ആനിക്കാട് മാഹാലക്ഷ്മി ഗോശാലയിലെത്തിയ സുരേഷ് ഗോപി, മുകുന്ദയ്‌ക്കൊരു പശുക്കിടാവിനെയും നൽകി, ഒപ്പമൊരു പേരും. തൊഴുത്തിലെ 42-മത്തെ അംഗമായാണ് രമണിയെ മുകുന്ദയ്‌ക്ക് സമ്മാനിച്ചത്.
രമണിയുടെ ചെവിയിൽ സുരഭി മന്ത്രം ചൊല്ലിയാണ് മുകുന്ദ സ്വീകരിച്ചത്. തൊഴുത്തിലെ അരുമകളെയും അവൾ പരിചയപ്പെടുത്തി. വെച്ചൂർ, തഞ്ചാവൂർ കൃഷ്ണ, കാംഗ്രേജ്, താർപാർക്കർ, കാങ്കയം, ഗിർ, കാസർകോടൻ കുള്ളൻ തുടങ്ങി 15-ൽ പരം ഇന്ത്യൻ ഇനങ്ങളിലുള്ള പശുക്കളാണ് മുകുന്ദയുടെ മഹാലക്ഷ്മി ഗോശാലയിൽ വളരുന്നത്. റെഡ് സിന്ധി ഇനത്തിൽ നിന്നാണ് തുടക്കം. അവൾക്ക് മഹാലക്ഷ്മി എന്ന് പേരിട്ടു. പിന്നാലെ 30-ഓളം പശുക്കളെത്തിയതോടെ ഗോശാല ഉയരുകയായിരുന്നു.
കൊറോണക്കാലത്തെ ലോക്ക്ഡൗൺ നൽകിയ തിരിച്ചറിവാണ് മുകുന്ദയുടെ പിതാവ് ഹരി വിജയകുമാറിനെ ഗോ സംരക്ഷണത്തിലേക്ക് നയിച്ചത്. എഞ്ചിനീയറായിരുന്ന ഹരി കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട ബിസിനസിൽ പച്ചപിടിക്കുമ്പോഴായിരുന്നു കോവിഡിന്റെ വരവ്. പെട്ടെന്നുണ്ടായ തകർച്ചയിൽ നിന്നും ഹരി പാഠം പഠിച്ചു, കൃഷിയിലൂടെയാണ് ഇനി നിലനിൽക്കാൻ സാധിക്കൂവെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
പാലിന് വേണ്ടിയല്ല ഹരി പശുക്കളെ വളർത്തുന്നത്. ചാണകത്തിലൂടെ വരുമാനം കണ്ടെത്തുകയാണ് ഹരി. ചാണകപ്പൊടി, നടീൽമിശ്രിതം, ജീവാമൃതം തുടങ്ങി നാൽപതോളം ഉത്പന്നങ്ങൾ തയ്യാറാക്കി ഫാമിലെ ഔട്ട്ലെറ്റ് വഴിയും ഓൺലൈനായുമാണ് വിൽപന നടത്തുന്നത്.