കാസർകോട്: ബേക്കലിൽ 11 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. റോഡിലൂടെ നടന്നു പോയ കുട്ടിയെ കടമുറിയിലേക്ക് വലിച്ചുകയറ്റി പീഡിപ്പിക്കുകയായിരുന്നു. വായിൽ ഷാൾ തിരുകിയ ശേഷമായിരുന്നു പീഡനമെന്നും കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു.
ഒരുമാസം മുമ്പാണ് കേസിന് ആസ്പദമായ സംഭവം. ഇടയ്‌ക്കിടെ കുട്ടിക്ക് വയറുവേദന വരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ കാര്യം തിരക്കിയപ്പോഴാണ് പീഡനം നടന്ന വിവരം കുട്ടി പുറത്തു പറഞ്ഞത്. ഇതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ കുട്ടി പീഡനത്തിനിരയായതായി കണ്ടെത്തി. കുട്ടിയുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയെ കുറിച്ചുള്ള വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെങ്കിലും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും പ്രതിക്കെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.















