ഇടുക്കി: ജില്ലയിൽ മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ മണ്ണിടിഞ്ഞും മറ്റും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ അടിമാലി സർക്കാർ ഹൈസ്കൂളിന് സമീപം ഓടിക്കൊണ്ടിരുന്ന ജീപ്പിന്റെ മുകളിലേക്ക് മരം കടപുഴകി വീണു. ജീപ്പിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപെട്ടു. മേഖലയിൽ ഗതാഗതം സ്തംഭിച്ചു. ഫയർഫോഴ്സ് എത്തി മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിക്കാനുളള ശ്രമം തുടങ്ങി.
ചപ്പാത്ത് -കട്ടപ്പന റോഡിൽ ആലടിയിൽ കൽക്കട്ട് ഇടിഞ്ഞതോടെ റോഡ് അപകടാവസ്ഥയിലായി. നിർമ്മാണത്തിൽ ഇരുന്ന സംസ്ഥാന പാതയുടെ ഭാഗമാണ് അപകടാവസ്ഥയിലായത്. ചപ്പാത്ത് -കട്ടപ്പന റൂട്ടിൽ ആലടി മുതൽ പരപ്പ് വരെ ഗതാഗതം പൂർണ്ണമായി നിരോധിച്ചു.
അടിമാലി കോയിക്കക്കുടി ജംഗ്ഷന് സമീപം പപ്പടനിർമ്മാണ യൂണിറ്റിനുള്ളിലേക്ക് മൺതിട്ട ഇടിഞ്ഞു വീണു. യൂണിറ്റിലെ യന്ത്രസാമഗ്രികൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. യൂണിറ്റ് പ്രവർത്തിച്ചു കൊണ്ടിരിക്കെയാണ് മണ്ണിടിഞ്ഞ് വീണത്.
മഴ കനത്തതോടെ ജലാശയങ്ങളിലെ നീരൊഴുക്കും വർദ്ധിച്ചു. ഇടുക്കി കല്ലാർകുട്ടി ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. 300 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. മുതിരപ്പുഴയാർ, പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം. പാംബ്ലാ ഡാമിന്റെ ഷട്ടറുകളും ഉയർത്തുമെന്നും മുന്നറിയിപ്പുണ്ട്. 600 ഘനയടി വെള്ളം വീതം പുറത്തേക്ക് ഒഴുക്കാനാണ് നിർദ്ദേശം.















