തിരുവനന്തപുരം: പക്ഷിപ്പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആലപ്പുഴയിൽ വളർത്തു പക്ഷികളുടെ വിൽപനയും വളർത്തലും നിരോധിക്കേണ്ടി വരുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. 2025 വരെ കോഴി, താറാവ്, കാട തുടങ്ങി എല്ലാത്തരം പക്ഷിവളർത്തലും നിരോധിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവരികയാണെന്ന് മന്ത്രി പറഞ്ഞു.
” പക്ഷിപ്പനി പടർന്നു പിടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിനാൽ 2025 മാർച്ച് വരെ പക്ഷി വളർത്തലിന് നിരോധനം ഏർപ്പെടുത്തേണ്ടതായി വരും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആലപ്പുഴയിലെ കർഷകരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴ, കുട്ടനാട്, പത്തനംതിട്ട ജില്ലകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. അതിനാൽ വൈറസിന്റെ ശക്തി കുറയുന്നതു വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് തീരുമാനം”- ജെ. ചിഞ്ചു റാണി പറഞ്ഞു.
ദേശാടന പക്ഷികൾ വന്ന് പോകുമ്പോഴാണ് വൈറസ്ബാധയുണ്ടാകുന്നത്. കഴിഞ്ഞ വർഷത്തെക്കാൾ വ്യത്യസ്തമായ വൈറസാണ് ഇത്തവണ സ്ഥിരീകരിച്ചിരിക്കുന്നത്. പനി പടർന്നുപിടിക്കാതിരിക്കാനുള്ള മുൻകരുതലുകളാണ് സ്വീകരിക്കുന്നതെന്നും ചിഞ്ചു റാണി വ്യക്തമാക്കി.















