ന്യൂഡൽഹി: ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ സംബന്ധിച്ച് ജനങ്ങൾക്ക് ബോധവത്ക്കരണം നൽകണമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയ്‌ക്ക് നിർദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. ജനങ്ങളിൽ നല്ല ഭക്ഷണ ശീലങ്ങൾ വളർത്തിയെടുക്കുന്നതിൽ എഫ്എസ്എസ്എഐയ്‌ക്ക് പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലായിരുന്നു ജെപി നദ്ദ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
” ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള വിവിധ പ്രശ്‌നങ്ങൾ ജനങ്ങളിലേക്കെത്തേണ്ടതുണ്ട്. കൃത്യമായ ഭക്ഷണ ശീലമില്ലാത്തത് ജനാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ജനങ്ങളിൽ നല്ല ഭക്ഷണ ശീലങ്ങൾ വളർത്തിയെടുക്കാൻ എഫ്എസ്എസ്എഐ പ്രത്യേകം ശ്രദ്ധിക്കണം. ഉപഭോക്താക്കൾക്ക് നിർദേശങ്ങൾ നൽകാനും അവരെ ബോധവത്കരിക്കാനും മുൻകൈ എടുക്കണം.”- ജെ പി നദ്ദ പറഞ്ഞു.
മാറി വരുന്ന ഭക്ഷണ ശീലങ്ങൾ ഇന്ന് വിവിധ ആരോഗ്യ പ്രശ്‌നങ്ങളാണുണ്ടാക്കുന്നത്. ഇന്ത്യ പോലെ വലിയൊരു രാജ്യത്ത് വിവിധ മതക്കാരും ഭക്ഷണ രീതികളുമാണ്. എന്നാൽ വർദ്ധിച്ചു വരുന്ന ഭക്ഷ്യ സുരക്ഷാ പ്രശ്‌നങ്ങളിൽ ജനങ്ങൾ ബോധാവാന്മാരാകേണ്ടതുണ്ടെന്നും ജെ പി നദ്ദ കൂട്ടിച്ചേർത്തു.
സുസ്ഥിര കൃഷിക്ക് പ്രധാന്യം നൽകുന്ന കൃഷി രീതികൾ വർദ്ധിക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ കർഷകരിലേക്ക് കൂടുതലായി എത്തിക്കണമെന്നും സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്ന വിധത്തിൽ കൃഷികൾ ചെയ്യാൻ കർഷകർക്ക് സഹായം നൽകണമെന്നും ജെ പി നദ്ദ നിർദേശം നൽകി.















