പാലക്കാട്: അയിലൂർ മുതുകുന്നി പുഴയിൽ നാളികേരം പെറുക്കാൻ ഇറങ്ങിയ 42കാരനെ ഒഴുക്കിൽപ്പെട്ട് കാണാതായി. ആണ്ടിത്തറ പുത്തൻവീട്ടിൽ രാജേഷാണ് ഒഴുക്കിൽപ്പെട്ടത്. ഇന്ന് ഉച്ചയ്‌ക്കായിരുന്നു സംഭവം.
മുതുകുന്നി തടയണയ്‌ക്ക് സമീപത്താണ് അപകടം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ വീണ നാളികേരങ്ങൾ പെറുക്കാൻ ഇറങ്ങിയതായിരുന്നു രാജേഷ്. ഇതിനിടയിൽ ജലനിരപ്പ് ഉയരുകയും യുവാവിനെ കാണാതാവുകയുമായിരുന്നു.
നല്ല ഒഴുക്കുള്ള ഭാഗത്താണ് രാജേഷ് അകപ്പെട്ടതെന്നും കരയ്‌ക്ക് കയറ്റാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്നും സുഹൃത്തുക്കൾ പറഞ്ഞു. വിദേശത്ത് നിന്ന് അവധിക്ക് നാട്ടിലെത്തിയതാണ് രാജേഷ്.















