ഉറക്കമില്ലായ്മ പലരും നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ്. രാത്രി നന്നായി ഉറങ്ങാത്തവർക്ക് വിവിധ ആരോഗ്യപ്രശ്‌നങ്ങളുണ്ടാവുമെന്നാണ് പഠനങ്ങളിൽ പറയുന്നത്. മാനസിക ഉന്മേഷത്തിനും ഊർജസ്വലതയോടെ പ്രവർത്തിക്കാനും കൃത്യമായ ഉറക്കം ആവശ്യമാണ്. രാത്രി നന്നായി ഉറങ്ങാൻ ചില പൊടികൈകൾ പരീക്ഷിക്കാം..
ഉറക്ക ഗുളികകളെ ആശ്രയിക്കേണ്ട
ഉറക്കം വരാതിരിക്കുമ്പോൾ ഉറക്ക ഗുളികകളെ ആശ്രയിക്കുന്നവരായിരിക്കും നമ്മിൽ പലരും. എന്നാൽ ഡോക്ടറുടെ നിർദേശ പ്രകാരം മാത്രം ഇത്തരം ഗുളികകൾ കഴിക്കാൻ ശ്രദ്ധിക്കുക. അമിതമായാൽ ജീവന് വരെ ആപത്താണ് ഉറക്ക ഗുളികകൾ. എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കണം.
വ്യായാമം ചെയ്യാം, കഫീൻ ഒഴിവാക്കാം..
ഉറങ്ങുന്നതിന് മുമ്പ് ചെറിയ വ്യായാമങ്ങളിൽ ഏർപ്പെടുന്നത് മെച്ചപ്പെട്ട ഉറക്കം പ്രദാനം ചെയ്യാൻ സഹായിക്കുന്നു. ഭക്ഷണത്തിന് ശേഷം കാപ്പി പോലുള്ള കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇത് ഉറക്കം വരുന്നത് കുറയ്‌ക്കുന്നു.
സ്‌ക്രീൻ ടൈം കുറയ്‌ക്കുക
ഉറങ്ങാൻ പോകുന്നതിന് ഒരു മണിക്കൂർ മുമ്പായി ടിവിയും മൊബൈലും എടുത്ത് വയ്‌ക്കുന്നത് നല്ലതായിരിക്കും. സ്‌ക്രീൻ ടൈം കുറയ്‌ക്കുന്നത് നന്നായി ഉറങ്ങാൻ സഹായിക്കുന്നു. ആവശ്യമെങ്കിൽ പുസ്തകങ്ങൾ അൽപനേരം വായിച്ച് കിടക്കാം. ഉറങ്ങുന്നതിന് മുമ്പ് ഒരു ഗ്ലാസ് ചുടുപാൽ കുടിക്കുന്നതും നല്ലതാണ്. അസിഡിറ്റിയുണ്ടാക്കുന്ന ഭക്ഷണങ്ങൾ കഴിച്ച് കിടക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.















