കോഴിക്കോട്: താമരശ്ശേരിയിൽ നിന്ന് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ മൊബൈൽ ഷോപ്പ് ഉടമയെ കണ്ടെത്തി. കോഴിക്കോട് ചെറുവറ്റ സ്വദേശി ഹർഷാദിനെയാണ് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം ഹർഷാദിനെ വൈത്തിരിയിൽ ഇറക്കി വിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വൈത്തിരിയിൽ ഇറങ്ങിയ ഹർഷാദ് സമീപത്തെ കടയിൽ നിന്ന് ഫോൺ വാങ്ങി വീട്ടിൽ വിളിച്ച് വിവരം പറയുകയായിരുന്നു. തുടർന്ന് വൈത്തിരിയിൽ നിന്നും യുവാവ് അടിവാരത്തിലേക്ക് ബസ് കയറി. ഇവിടെ കാത്തുനിന്ന ബന്ധുക്കൾ ഹർഷാദുമായി പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.
ശനിയാഴ്ചയാണ് ഹർഷാദിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. ബന്ധുക്കളുടെ പരാതിയിൽ കേസെടുക്കാൻ വൈകിയ പൊലീസ് ഇന്ന് വൈകിട്ടോടെയാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. ഹർഷാദിനെ കാണാതായി മണിക്കൂറുകൾ പിന്നിട്ടിട്ടും അന്വേഷണം ഊർജിതമാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഹർഷാദിനെ കണ്ടെത്തിയത്.
10 ലക്ഷം രൂപയാണ് മോചന ദ്രവ്യമായി അജ്ഞാത സംഘം ആവശ്യപ്പെട്ടത്. ഫോണിൽ അജ്ഞാതനായ ഒരാൾ വിളിച്ചതിനെ തുടർന്ന് വീട്ടിൽ നിന്ന് പുറത്തേക്ക് പോയ ഹർഷാദിനെ കാണാതാവുകയായിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.















