ഹരിപ്പാട് : മധ്യ തിരുവിതാംകൂറിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നായ ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ ഏവൂർ സംക്രമ ജലോത്സവം ഇന്ന്.
വിഷുവിന് പതിനായിരങ്ങൾ കണ്ണനെ കണികാണാനെത്തുന്ന ഓണാട്ടുകരയിലെ അതിപ്രശസ്തമായ മഹാക്ഷേത്രമാണ് ഏവൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനും കായംകുളത്തിനും മദ്ധ്യേ ഏവൂര്‍ എന്ന കൊച്ചു ഗ്രാമത്തിലാണ്ഈ മഹാക്ഷേത്രം നിലനില്‍ക്കുന്നത്.
തിരുവിതാംകൂർ ഭരിച്ചിരുന്ന ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് ഈ ക്ഷേത്രം അഗ്നിക്കിരയായതായി രാജാവ് സ്വപ്നത്തിൽ ദർശിക്കുകയും വിവരമറിയാൻ ആളയച്ച് പരിശോധിക്കുകയും ചെയ്തു. സത്യം ബോധ്യമായപ്പോൾ ഉടൻ തന്നെ ക്ഷേത്രം പുനർ നിർമ്മിക്കാൻ വേണ്ട ഏർപ്പാടുകൾ ചെയ്തു. ശ്രീമൂലം തിരുനാളിന്റെ നിർദേശ പ്രകാരം ക്ഷേത്ര നിര്‍മ്മാണത്തിന് ആവശ്യമായ സാധന സാമഗ്രികള്‍ എത്തിച്ചു. അത് ക്ഷേത്രത്തിനടുത്തുള്ള പുല്ലംപള്ളി ചിറയില്‍ നിന്നും ആവണക്കിന്‍ തോടുവഴി വള്ളങ്ങളിലാക്കി ആഘോഷമായിട്ടാണ് ഈ സാധന സാമഗ്രികൾ എത്തിച്ചത്. പിന്നീട് ക്ഷേത്രം അതിഗംഭീരമായി നിര്‍മ്മിച്ച് പ്രതിഷ്ഠ നടത്തിയതിന്‍റെ സ്മരണാര്‍ത്ഥമാണ് കര്‍ക്കടക സംക്രമ വള്ളം കളി നടത്തുന്നത്.
അന്നേ ദിവസം അതിരാവിലെ മൂന്ന് കരകളുടെയും നാഥന്മാര്‍ ക്ഷേത്രത്തില്‍ എത്തി അവിടെ നിന്നും ഒരുമിച്ച് വഞ്ചിപ്പാട്ടുപാടിക്കൊണ്ട് മൂന്ന് കരകളുടെയും നേതൃത്വത്തില്‍ കരിപ്പുഴ പുഞ്ച വഴി പത്തിയൂര്‍ ശ്രീ ദുര്‍ഗ്ഗാ ദേവീ ക്ഷേത്രത്തിലെത്തിച്ചേരും ദേവിക്ക് കാണിയ്‌ക്കയര്‍പ്പിച്ച് വെറ്റിലയും പുകയിലയും വാങ്ങി തിരിച്ച് ഏവൂർ ക്ഷേത്രത്തിന്‍റെ കിഴക്കേ നടയിലെത്തുന്നു. അപ്പോഴേക്കും ആറാട്ടുകൊട്ടാരത്തില്‍ നിന്നുള്ള ഉരിളിച്ച വരവ് കിഴക്കേ നടയില്‍ എത്തിയിട്ടുണ്ടാവും. തുടര്‍ന്ന് ഏവൂർ നടയ്‌ക്കല്‍ കാഴ്ച സമര്‍പ്പിക്കുന്നു. അതിനു ശേഷം വള്ള സദ്യ നടക്കും.
ഉച്ചയ്‌ക്ക് ശേഷം ഭഗവാന്‍ കണ്ണമംഗലം ഉരിയ ഉണ്ണി തേവരെ കാണാന്‍ പുറപ്പെടുന്ന ചടങ്ങുണ്ട്. പുഷ്പാലംകൃതമായ വള്ളത്തില്‍ ഭഗവാനെ എഴുന്നള്ളിച്ച് ക്ഷേത്രം ഊരാണ്മക്കാര്‍ യാത്ര പുറപ്പെടുമ്പോള്‍ കരക്കാര്‍ അകമ്പടിയായി വള്ളങ്ങളില്‍ വഞ്ചിപ്പാട്ടുപാടി അനുഗമിക്കും.
കണ്ണമംഗലം ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന്‍ ഉപചാരങ്ങള്‍ ഏറ്റുവാങ്ങി സന്ധ്യയോടെ തിരിച്ച് ക്ഷേത്രത്തില്‍ എത്തിച്ചേരുന്നു.
ഭഗവാന്‍റെ അത്താഴപൂജയ്‌ക്കു ശേഷം ശ്രീ ഭൂതനാഥന്‍റെ നടയില്‍ കരിക്കേറു കര്‍മ്മം എന്ന അത്യപൂര്‍വ്വമായി മാത്രം ദര്‍ശിക്കാന്‍ കഴിയുന്ന ചടങ്ങു നടക്കും. പിന്നീട് ഭഗവാന് നേദിച്ച അവിലും ഉണ്ണിയപ്പവും ഭക്തർക്ക് വിതരണം ചെയ്യുന്നതോടെ സംക്രമ വള്ളംകളിക്ക് സമാപ്തിയാകും.
ഏവൂര്‍ ക്ഷേത്രത്തിലെ വിഷുക്കണിയും കൃഷ്ണ ഭഗവാന്‍റെ ദശാവതാര ചാര്‍ത്തും അതിപ്രശസ്തമാണ്.ഏവൂർ വിഷു ദർശനത്തിനായി കണികാണാൻ പതിനായിരക്കണക്കിന് ഭക്തജനങ്ങളെത്തും.ഈ വർഷം ഏവൂർ സംക്രാന്തി വള്ളംകളി ജൂലൈ പതിനാറ് ചൊവ്വാഴ്ചയാണ്.