തിരുവനന്തപുരം: എംഎൽഎയുടെ കാറിന് കടന്നു പോകാൻ സൗകര്യമൊരുക്കിയില്ലെന്നാരോപിച്ച് എട്ട് മാസം ഗർഭിണിയായ യുവതി അടക്കമുള്ള കുടുംബത്തിന് നേരെ ആക്രമണം. തിരുവനന്തപുരം കാട്ടക്കടയിലാണ് സംഭവം. അരുവിക്കര എംഎൽഎ ജി. സ്റ്റീഫനും ഡിവൈഎഫ്ഐ പ്രവർത്തകർക്കുമെതിരെ ഗുരുതര ആരോപണം. ദമ്പതികളായ ബിനീഷിനെയും നീതുവിനെയുമാണ് ആക്രമിച്ചത്.
ഇന്നലെ രാത്രിയാണ് സംഭവം. പെട്ടെന്ന് വഴി മാറാൻ ആവശ്യപ്പെട്ടു കൊണ്ടാണ് ആക്രമിച്ചത്. കാർ സ്റ്റാർട്ടാകാൻ വൈകിയതാണ് പ്രകോപിതരാക്കിയതെന്ന് കുടുംബം പറയുന്നു. ഇവരുടെ കാർ ഒരു സംഘം തല്ലിതകർത്തു. സംഘർഷത്തിനിടെ തങ്ങളുടെ മാല പൊട്ടിച്ചെടുത്തെന്നും ദമ്പതികൾ ആരോപിക്കുന്നു. ബിനീഷിന്റെ മൂക്കിനും കൈയ്ക്കും നെഞ്ചിനും പരിക്കേറ്റിട്ടുണ്ട്. കല്യാണ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു പരാതിക്കാരും എംഎൽഎയും.
അതേസമയം സ്റ്റീഫൻ എംഎൽഎ ആരോപണം നിഷേധിച്ചു. തന്റെ കാറിന് വഴിയൊരുക്കാൻ ആവശ്യപ്പെട്ടിട്ടില്ല. സംഭവസമയം താൻ കാറിലുണ്ടായിരുന്നില്ല. വികലാംഗനായ ഒരാളുടെ കാറുമായി ബന്ധപ്പെട്ട തർക്കമെന്നാണ് അറിഞ്ഞത്. ആരാണ് അക്രമത്തിന് പിന്നിലെന്ന് അറിയില്ലെന്നുമാണ് എംഎൽഎയുടെ വിശദീകരണം.