പത്തനംതിട്ട: വനിതാ എസ്‌ഐക്ക് ഇമ്പോസിഷൻ നൽകി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി. ഉദ്യോഗസ്ഥരുടെ പതിവ് സാറ്റ റിപ്പോട്ടിങ്ങിനിടെ എസ്പിയുടെ ചോദ്യത്തിന് എസ്ഐ ഉത്തരം പറഞ്ഞിരുന്നില്ല. ഇതിനെത്തുടർന്നാണ് ചോദ്യത്തിന്റെ ഉത്തരം ഇമ്പോസിഷൻ എഴുതി നൽകാൻ എസ്പി വനിതാ സബ് ഇൻസ്പെക്ടറോട് ആവശ്യപ്പെട്ടത്. ഇമ്പോസിഷൻ എഴുതി മെയിൽ ചെയ്യാനായിരുന്നു നിർദ്ദേശം.
പുതിയ ക്രിമിനൽ നിയമമായ ഭാരതീയ നിയമ സംഹിതയെക്കുറിച്ചായിരുന്നു ചോദ്യം. ഇതുപ്രകാരം എങ്ങനെ ഒരു കേസ് രജിസ്റ്റർ ചെയ്യണമെന്ന് എസ്പി എസ്‌ഐയോട് പറയാൻ ആവശ്യപ്പെട്ടു. പുതിയ ക്രിമിനൽ നിയമങ്ങളിൽ പരിശീലനം ഉൾപ്പെടെ ലഭിച്ചിട്ടും എസ്ഐക്ക് ഉത്തരം നൽകാനായില്ല. ഇതിനെത്തുടർന്ന് ഉത്തരം ഇമ്പോസിഷൻ എഴുതി മെയിൽ അയക്കാൻ എസ്പി നിർദ്ദേശിക്കുകയായിരുന്നു. എസ്പിയുടെ നിർദ്ദേശം വളരെ വേഗം തന്നെ വനിതാ എസ്ഐ പാലിക്കുകയും ചെയ്തു.
സേനയ്‌ക്കുള്ളിൽ തന്നെ സംഭവം ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ ദിവസം രഹസ്യാന്വേഷണ വിഭാഗമടക്കം ഇതിന്റെ റിപ്പോർട്ടും മുകളിലേക്ക് അയച്ചു. മറ്റ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും ഓൺലൈൻ ആയി യോഗത്തിൽ പങ്കെടുത്തുകൊണ്ടിരിക്കവെയാണ് എസ്പി ഇമ്പോസിഷൻ എഴുതി നൽകാൻ ആവശ്യപ്പെട്ടത്. ഇതിൽ എസ്ഐയും അതൃപ്തി രേഖപ്പെടുത്തിയതായാണ് വിവരം. എന്നാൽ പുതിയ നിയമവ്യവസ്ഥയിൽ സംശയങ്ങൾ ദൂരീകരിച്ച് മുന്നോട്ട് പോകുവാനാണ് ഇമ്പോസിഷൻ നൽകിയതെന്നും മറ്റൊരു തെറ്റായ വശവും സംഭവത്തിനില്ലെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.