തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകളിൽ മാറ്റം. നാല് ജില്ലകൾക്ക് കൂടി ഓറഞ്ച് അലർട്ട് നൽകി. 9 ജില്ലകൾക്ക് നിലവിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കാണ് ഓറഞ്ച് അലർട്ട്. അതേസമയം കോട്ടയം, പത്തനംതിട്ട ആലപ്പുഴ ജില്ലകൾക്ക് യെല്ലോ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.
കനത്ത മഴയും കാറ്റും സംസ്ഥാന വ്യാപകമായി വലിയ നാശനഷ്ടങ്ങളും ആളപായവും ഉണ്ടാക്കിയിട്ടുണ്ട്. മഴക്കെടുതിയിൽ വിവിധ അപകടങ്ങളിലായി 3 പേരാണ് മരണപ്പെട്ടത്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ ഫലമായി വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.. കണ്ണൂർ, കാസർകോട് തീരങ്ങളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.
അതിതീവ്രമഴയ്‌ക്കൊപ്പം കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ട്. മലയോര മേഖലയിലുള്ളവർ സുരക്ഷിത മേഖലയിലേക്ക് മാറി താമസിക്കാനും നിർദ്ദേശമുണ്ട്.