കൊൽക്കത്ത: ജയിലിൽ കഴിയുന്ന മാവോയിസ്റ്റ് ഭീകരന് PhD ക്ക് പ്രവേശനം നേടാൻ മമതാ സർക്കാരിന്റെ സഹായം. സിൽഡയിൽ ഈസ്റ്റേൺ ഫ്രോണ്ടിയർ റൈഫിൾസ് ക്യാമ്പ് ആക്രമിച്ച് 24 സൈനികരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മാവോയിസ്റ്റ് നേതാവ് അർണാബ് ദാമിനുവേണ്ടിയാണ് ബംഗാൾ സർക്കാരിന്റെ ഇടപെടൽ. നിലവിൽ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ജയിലിൽ കഴിയുകയാണ് ഇയാൾ. പശ്ചിമ ബംഗാളിലെ ബുർദ്വാൻ സർവ്വകലാശാലയിലാണ് അർണബിന് PhD നേടാനുള്ള പ്രവേശനം ലഭിച്ചിരിക്കുന്നത്.
അർണാബിന്റെ പ്രവേശനത്തിന് നിരവധി നിയമതടസങ്ങൾ നേരിട്ടിരുന്നു. മറ്റൊരു ജില്ലയിലെ ജയിലിൽ കഴിഞ്ഞിരുന്ന അർണബിനെ ബുർദ്വാൻ സർവകലാശാലയിൽ ഗവേഷണ പഠനം നടത്തുന്നതിനായി ബുർദ്വാനിലെ ജയിലിലേക്ക് മാറ്റാൻ തീരുമാനിച്ചു. വിദ്യാഭ്യാസ മന്ത്രിയും ജയിൽ വകുപ്പ് മന്ത്രിയും നടത്തിയ ചർച്ചയിലായിരുന്നു തീരുമാനം.
സർവകലാശാലയിലെ അർണബിന്റെ സുരക്ഷയുടെ ഉത്തരവാദിത്വം പൂർണമായി ഏറ്റെടുക്കാമെന്ന് സർക്കാർ അധികൃതരും വ്യക്തമാക്കി. 24 സൈനികരെ കൊന്നു തള്ളിയ മോവോയിസ്റ്റ് ഭീകരന് പ്രവേശനം ഉറപ്പാക്കാൻ തൃണമൂൽ നേതാക്കളും പിന്തുണയറിയിച്ച് രംഗത്തുവന്നു. ഇതോടെ ബുർദ്വാൻ സർവകലാശാലയിലെ ചരിത്ര വിഭാഗത്തിൽ അർണബ് ദാമിന് PhD പ്രവേശനം ലഭിക്കുകയായിരുന്നു.















