കുറച്ചായിട്ട് ഇന്ത്യക്കാരുടെ ചർച്ചാ വിഷയം വിവാഹമാണ്. ലോകമുറ്റു നോക്കിയ അംബാനി കുടുംബത്തിന്റെ വിവാഹാഘോഷങ്ങളുടെ ക്ഷീണം തീരും മുൻപേ മറ്റൊരു ഇന്ത്യൻ വിവാഹമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര ഒരു ത്രോ ബാക്ക് ഫോട്ടോ എക്സിൽ പങ്കിട്ടതോടെ സൈബർ ലോകത്തിലെ ചൂടൻ ചർച്ചയിലാണ്.
2014-ലെ ഒരു വിവാഹ ചിത്രമാണ് ആനന്ദ് മഹീന്ദ്ര പങ്കുവച്ചത്. ‘ആഘോഷമാക്കാൻ മറ്റൊരു ഇന്ത്യൻ വിവാഹം’ എന്ന തലക്കെട്ടും നൽകിയിട്ടുണ്ട്. സാധാരണമായൊരു വിവാഹചിത്രമെന്നതിലുപരി അതിലെ ഭാരതീയ വേഷവും വിദേശിയായ പുരുഷനുമാണ് ചർച്ചയാകുന്നത്. അമേരിക്കയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ജെ.ഡി വാൻസിന്റെ വിവാഹ ചിത്രമാണത്.
There’s another Great Indian Wedding to celebrate…
— anand mahindra (@anandmahindra) July 16, 2024
അദ്ദേഹത്തിന്റെ പത്നി ഉഷാ ചിലുകുരി ഇന്ത്യൻ വംശജയാണ്. ഭാരതീയ സംസ്കാരത്തെ നെഞ്ചോട് ചേർത്ത് പിടിക്കുന്ന ഇരുവരും ഹൈന്ദവ ആചാര പ്രകാരമാണ് വിവാഹിതരായത്. ഇതിന് പിന്നാലെ കാമറ കണ്ണുകളിൽ ഒപ്പിയെടുത്ത ചിത്രമാണ് സോഷ്യൽ മീഡിയയിൽ പരക്കുന്നത്. കെൻ്റക്കിയിൽ വച്ചായിരുന്നു ഇരുവരും വിവാഹിതരായത്.
ഞൊടിയിടയിലാണ് ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. രണ്ട് മണിക്കൂറിനിടെ 40,000-ത്തിലേറെ പേരാണ് പോസ്റ്റ് കണ്ടത്. നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. ലോകത്താകമാനം ഇന്ത്യ സ്നേഹം പരത്തുന്നുവെന്നാണ് ഒരാൾ കമൻ്റ് ചെയ്തത്. അമേരിക്കയുടെ ഭാവി വൈസ് പ്രസിഡന്റെന്നും കമന്റുകൾ വന്നിട്ടുണ്ട്.