തൃശൂർ: 100 കോടിയുടെ ഭൂമി തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന തമിഴ്നാട് മുൻ മന്ത്രിയെ തൃശൂരിൽ നിന്നും അറസ്റ്റ് ചെയ്തു. അണ്ണാ ഡിഎംകെ മന്ത്രി ആയിരുന്ന എം. ആർ വിജയഭാസ്‌കറാണ് അറസ്റ്റിലായത്. പീച്ചി വിലങ്ങന്നൂരിലെ വാടക വീട്ടിൽ നിന്ന് തമിഴ്‌നാട് സിബി-സിഐഡി സംഘമാണ് കസ്റ്റഡിയിലെടുത്തത്.
അണ്ണാ ഡിഎംകെയുടെ മുതിർന്ന നേതാവായ വിജയഭാസ്കർ കഴിഞ്ഞ എടപ്പാടി പളനിസ്വാമി സർക്കാരിൽ ഗതാഗതവകുപ്പ് മന്ത്രിയായിരുന്നു. പീച്ചി പൊലീസ് സ്റ്റേഷനിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കിയ വിജയഭാസ്കറിനെ ശേഷം തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി
കരൂരിലെ വ്യവസായി പ്രകാശിനെ ഭീഷണിപ്പെടുത്തി സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. 100 കോടി രൂപ വിലമതിക്കുന്ന 22 ഏക്കറിലധികം വരുന്ന ഭൂമി വ്യാജരേഖ ചമച്ച് കൈയേറിയെന്ന് കാണിച്ച് മേയ് 11നാണ് പരാതി നൽകിയത്. തുടർന്ന് കരൂർ ടൗൺ ഏഴ് പേർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കേസിൽ വിജയഭാസ്കർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കരൂർ ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ മുൻമന്ത്രി താമസ സ്ഥലത്ത് നിന്ന് അപ്രത്യക്ഷനായി. വിജയഭാസ്‌കറിനെ കണ്ടത്താനായി അന്വേഷണ സംഘം ഉത്തരേന്ത്യ അടക്കം സന്ദർശിച്ചിരുന്നു. കഴിഞ്ഞയാഴ്ച വിജയഭാസ്‌കറിന്റെ കരൂർ, ചെന്നൈ വസതികളിൽ റെയ്ഡും നടത്തിയിരുന്നു.















