പട്ന: നീറ്റ്-യുജി ചോദ്യ പേപ്പർ ചോർന്നതുമായിബന്ധപ്പെട്ട് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്ത് സിബിഐ. ചോദ്യ പേപ്പർ മോഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവരെയാണ് പിടികൂടിയത്. പങ്കജ് കുമാർ (ആദിത്യ) എന്നയാൾ പട്നയിൽ നിന്നും, രാജു സിംഗ് എന്നയാൾ ഝാർഖണ്ഡിലെ ഹസാരീബാഗിൽ നിന്നുമാണ് അറസ്റ്റിലായതെന്ന് സിബിഐ വ്യക്തമാക്കി.
ചോദ്യപേപ്പർ ചോർച്ച നടത്തുന്ന മാഫിയയുമായി ബന്ധമുള്ളയാണ് പങ്കജ് കുമാർ എന്നാണ് സിബിഐ കണ്ടെത്തൽ. പേപ്പർ മോഷ്ടിച്ചത് പങ്കജും, പ്രചരിപ്പിക്കാൻ സഹായിച്ചത് രാജുവുമാണ്. ജംഷഡ്പൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന്
സിവിൽ എൻജിനീയറിംഗ് ബിരുദം കരസ്ഥമാക്കിയ 2017 ബാച്ച് വിദ്യാർത്ഥിയാണ് ആദിത്യ എന്ന പങ്കജ് കുമാർ. ഹസാരീബാഗിലെ എൻടിഎ ട്രങ്കിൽ നിന്നാണ് പങ്കജ് ചോദ്യ പേപ്പർ മോഷ്ടിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി. സംഘാംഗങ്ങളായവർക്ക് പേപ്പർ കൈമാറിയത് രാജുവാണ്.
നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഒമ്പത് പേരാണ് അറസ്റ്റിലായിട്ടുള്ളത്. മറ്റ് 13 പേർ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുണ്ട്. മുഖ്യകണ്ണിയായ രാതേഷ് രഞ്ജൻ എന്ന റോക്കിയും ഇതിൽ ഉൾപ്പെടുന്നു. ജൂലൈ 12ന് ബിഹാറിൽ നിന്നാണ് സിബിഐ ഇയാളെ പിടികൂടിയത്. നീറ്റ്-യുജി പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആറ് എഫ്ഐആറുകളാണ് സിബിഐ രജിസ്റ്റർ ചെയ്തിരിക്കുന്നത്.