മുംബൈ: വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റ് ഉൾപ്പെടെ ഹാജരാക്കിയെന്ന് ആരോപണമുയർന്ന പ്രൊബേഷണറി ഐഎഎസ് ഓഫീസർ പൂജ ഖേദ്ക്കറെ മസൂറിയിലെ ഐഎഎസ് അക്കാദമിയിലേക്ക് തിരികെവിളിച്ചു. ഇവരുടെ പരിശീലനം നിർത്തിവെയ്‌ക്കാനും നിർദ്ദേശം നൽകിയതായാണ് വിവരം.
സിവിൽ സർവ്വീസ് പ്രവേശനത്തിനായി ഒബിസി സർട്ടിഫിക്കറ്റും കാഴ്ച പരിമിതി സർട്ടിഫിക്കറ്റും വ്യാജമായി ഹാജരാക്കിയെന്നാണ് ആരോപണം. യുപിഎസ് സിയിൽ പൂജ സമർപ്പിച്ച സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിച്ചുവരികയാണ്. കൂടുതൽ നടപടികളിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് പരിശീലന കേന്ദ്രത്തിലേക്ക് മടക്കി വിളിച്ചിരിക്കുന്നത്.
സ്വകാര്യ വാഹനത്തിൽ സർക്കാർ ബോർഡും അനധികൃതമായി ബീക്കൺ ലൈറ്റും ഘടിപ്പിച്ച് വാഹനമോടിച്ച കേസിന് പിന്നാലെയാണ് വ്യാജ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നത്. മഹാരാഷ്‌ട്ര സർക്കാരിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി നിതിൻ ഗദ്രെയാണ് പൂജയ്‌ക്ക് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയത്. താങ്കളുടെ ഐഎഎസ് പരിശീലനം താൽക്കാലികമായി നിർത്തിവയ്‌ക്കാൻ അക്കാദമി നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഈ മാസം 23 ന് മുൻപ് അക്കാദമിയിൽ റിപ്പോർട്ട് ചെയ്യണമെന്നുമായിരുന്നു അറിയിപ്പ്.
ആരോപണങ്ങൾ ഉയർന്നതോടെ പൂനെ അസിസ്റ്റന്റ് കളക്ടറായിരുന്ന ഇവരെ വാഷിമിലേക്ക് സ്ഥലംമാറ്റിയിരുന്നു. കാഴ്ച പരിമിതിയിൽ അഹമ്മദ് നഗർ ജില്ലാ സിവിൽ ആശുപത്രിയിൽ നിന്നുളള സർട്ടിഫിക്കറ്റ് ആണ് പൂജ ഹാജരാക്കിയിരിക്കുന്നത്. എയിംസിൽ ഹാജരായി പരിശോധനയ്‌ക്ക് വിധേയമാകണമെന്ന് നിർദ്ദേശിച്ചിട്ടും ആറ് തവണയും പൂജ ഹാജരായില്ല. 2023 ബാച്ച് ഐഎഎസ് പ്രൊബേഷണറി ഓഫീസറാണ് പൂജ.















