ദിലീപ് വേറിട്ട വേഷത്തിലെത്തുന്ന ഭഭബയുടെ ഫസ്റ്റ്ലുക്ക് വീഡിയോ പുറത്ത്. സമൂഹമാദ്ധ്യമങ്ങളിലൂടെ ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് വീഡിയോ റിലീസ് ചെയ്തത്. മാസ് ലുക്കിലേക്കുളള ജനപ്രിയ നായകന്റെ തിരിച്ചുവരവായിരിക്കും ഈ സിനിമയെന്നാണ് പുറത്തുവരുന്ന വിവരം. ദിലീപ് ചിത്രത്തിനായി ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
ലയൺ, രസികൻ, റൺവേ തുടങ്ങിയ ദിലീപിന്റെ ഹിറ്റ് ചിത്രങ്ങളിലെ കഥാപാത്രങ്ങളിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമായിരിക്കും ഭഭബ എന്നാണ് ഫസ്റ്റ്ലുക്ക് വീഡിയോ നൽകുന്ന സൂചന. കമ്പിത്തിരിയിൽ നിന്ന് സിഗററ്റ് കത്തിക്കുന്ന താരത്തിന്റെ മാസ് ലുക്കോടെയാണ് വീഡിയോ അവസാനിക്കുന്നത്. ആക്ഷൻ എന്റർടൈൻമെന്റ് സിനിമയാണ് ഭയം ഭക്തി ബഹുമാനം എന്ന ഭഭബ. ഷാൻ റഹ്മാനാണ് വീഡിയോയുടെ സംഗീതം ഒരുക്കിയിരിക്കുന്നത്.
പ്രേക്ഷകർക്ക് പ്രതീക്ഷ നൽകുന്ന ഡയലോഗുകളാണ് വീഡിയോയിലുള്ളത്.’നീ നിന്റെ പഴയ പരിപാടിയുമായാണ് ഇറങ്ങുന്നതെങ്കിൽ ഇപ്പോഴത്തെ പിള്ളേരെ നിനക്കറിയില്ല…’ എന്ന് വിനീത് ശ്രീനിവാസനും ‘സർ ഈ ജോലിയിൽ പുതിയതല്ലേ, പഴയതും പുതിയതുമായി നമുക്കൊരു കൈ നോക്കിയാലോ സാറേ….’ എന്ന ദിലീപിന്റെ മറുപടിയും വീഡിയോയിലുണ്ട്.
ദിലീപിനും വിനീത് ശ്രീനിവാസനുമൊപ്പം ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് താരദമ്പതികളായ നൂറിൻ ഷെരീഫും ഭർത്താവ് ഫാഹിം സഫറും ചേർന്നാണ്.