തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ വീഴ്ചയിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. കൃത്യവിലോപങ്ങൾ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വീണാ ജോർജ്.
ജീവനക്കാര്‍ അവരുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും കൃത്യമായി നിര്‍വ്വഹിക്കണം. ഓരോ വിഭാഗങ്ങളിലും ചെക്ക് ലിസ്റ്റുകള്‍ ഏര്‍പ്പെടുത്തും. മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്ക് പരിശീലനങ്ങള്‍ നിര്‍ബന്ധമാക്കും. രോഗികളോടും കൂട്ടിരിപ്പുകാരോടും ജീവനക്കാർ സഹാനുഭൂതിയോടെ പെരുമാറണം. അവര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കണം.
പ്രമോഷനിലും കോണ്‍ട്രാക്ട് പുതുക്കലിനും വിജയകരമായ പരിശീലനം പ്രധാന മാനദണ്ഡമാക്കും. ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍ക്ക് കൃത്യമായ സാങ്കേതിക പരിശീലനം നല്‍കണം. ലിഫ്റ്റ് പ്രവര്‍ത്തിക്കുന്ന ഓരോ ദിവസവും അവസാനിക്കുമ്പോള്‍ ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍ ലിഫ്റ്റിന്റെ വാതിൽ തുറന്ന് പരിശോധിച്ച് ലോക്ക് ചെയ്യണമെന്നും വീണാ ജോർജ് പറഞ്ഞു.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റിൽ 48 മണിക്കൂർ കുടങ്ങിക്കിടന്ന രവീന്ദ്രൻ നായരെ മന്ത്രി സന്ദർശിച്ചിരുന്നു. ഉത്തരവാദികളായ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് മന്ത്രി മടങ്ങിയത്.















