കൊൽക്കത്ത: ബംഗാൾ ഗവർണർ സിവി ആനന്ദ ബോസിനെതിരെ മുഖ്യമന്ത്രി മമത ബാനർജി നടത്തുന്ന അപകീർത്തി പരാമർശങ്ങൾക്ക് വിലങ്ങിട്ട് കൊൽക്കത്ത ഹൈക്കോടതി. സമൂഹമാദ്ധ്യമങ്ങൾ വഴി അടിസ്ഥാന രഹിതമായ പ്രസ്താവനകളും അധിക്ഷേപ പരാമർശങ്ങളും പ്രചരിപ്പിക്കാൻ പാടില്ലെന്നും ഇത്തരം വ്യക്തിഹത്യകൾക്ക് താത്കാലികമായി തടയിടുന്നുവെന്നും ഹൈക്കോടതി പറഞ്ഞു.
രാജ്ഭവനിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന അടിസ്ഥാന രഹിതമായ പ്രസ്താവനകളാണ് ആനന്ദ ബോസിനെതിരെ മമതയും തൃണമൂൽ കോൺഗ്രസ് നേതാക്കളും പ്രചരിപ്പിച്ചിരുന്നത്. ഇത്തരം പരാമർശങ്ങൾ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി സിവി ആനന്ദ ബോസ് നൽകിയ ഹർജി പരിഗണിച്ച കോടതി അധിക്ഷേപ പരാമർശങ്ങൾ ആവർത്തിക്കരുതെന്ന് നിർദ്ദേശിക്കുകയായിരുന്നു. ജസ്റ്റിസ് കൃഷ്ണ റാവുവിന്റേതാണ് ഉത്തരവ്.
സിവി ആനന്ദബോസിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ സംബന്ധിച്ചുള്ള കേസ് കോടതിയുടെ പരിഗണനയിലാണ്. കേസിൽ വിധി വരുന്നതിന് മുന്നേ ആരോപണത്തിന് വിധേയനായ വ്യക്തി കുറ്റക്കാരനാണെന്ന് കണക്കാക്കാൻ സാധിക്കില്ല. ആവിഷ്‌കാര സ്വാതന്ത്ര്യം ഒരാളുടെ സൽപ്പേരിനെ കളങ്കപ്പെടുത്താനുള്ളതല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഓഗസ്റ്റ് 14 തീയതി വരെ സിവി ആനന്ദ ബോസിനെതിരെ മമതയും തൃണമൂൽ കോൺഗ്രസ് നേതാക്കളും സമൂഹമാദ്ധ്യമങ്ങളിലൂടെയോ മറ്റോ ആരോപണങ്ങൾ പ്രചരിപ്പിക്കരുതെന്നാണ് കോടതിയുടെ നിർദ്ദേശം.















