അഹമ്മദാബാദ്: സ്ത്രീകളോട് പേരും വിലാസവും മൊബൈൽ നമ്പറും ചോദിക്കുന്നത് അനുചിതമാണെന്നും എന്നാൽ അത് ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരില്ലെന്നും ഗുജറാത്ത് ഹൈക്കോടതി . ലൈംഗികാതിക്രമ കേസ് പരിഗണിക്കുവേയാണ് ഗുജറാത്ത് ഹൈക്കോടതിയുടെ നിരീക്ഷണം.
2024 ഏപ്രിൽ 26 ന് സമീർ റോയ് എന്ന പുരുഷൻ തന്റെ പേരും വിലാസവും മൊബൈൽ നമ്പറും ചോദിച്ചതായി കാണിച്ച് ഒരു സ്ത്രീ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി. പിന്നാലെ ഐപിസി സെക്ഷൻ 354 എ പ്രകാരം ലൈംഗികാത്രിക്രമത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
എന്നാൽ തനിക്കെതിരായ എഫ്ഐആർ ഗൂഢാലോചനയാണെന്ന് ചൂണ്ടിക്കാട്ടി സമീർ ഹൈക്കോടതിയിൽ ഹർജി നൽകി. ഏപ്രിൽ 25 ന് പോലീസ് തന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിൽ എടുത്ത് ചില ഡാറ്റകൾ ഡിലീറ്റ് ചെയ്തതായും അദ്ദേഹം ആരോപിച്ചു.
ലൈംഗികാതിക്രമം ആരോപിച്ച് എഫ്ഐആറ്‍ രജിസ്റ്റർ ചെയ്ത കാര്യം മെയ് 9 ന് മാത്രമാണ് താൻ അറിഞ്ഞതെന്നും സമീർ റോയ് വാദിച്ചു.
ലൈംഗികാതിക്രമത്തിന് കേസെടുത്ത പൊലീസ് നടപടിയെ ജസ്റ്റിസ് നിർസാർ ദേശായി ചോദ്യം ചെയ്തു. ആരെങ്കിലും ‘നിങ്ങളുടെ നമ്പർ എന്താണ്’ എന്ന് ചോദിച്ചാൽ, അത് കുറ്റകരമാണ്, പക്ഷേ എഫ്ഐആറിൽ പറഞ്ഞ പ്രകാരം ലൈംഗികാതിക്രമത്തിന് തുല്യമാകില്ലെന്നും കോടതി വ്യക്തമാക്കി.















