മലപ്പുറം: ജില്ലയിൽ മലമ്പനി സ്ഥിരീകരിച്ചു. മലപ്പുറത്ത് നാലു പേർക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. നിലമ്പൂരിൽ ഒരാൾക്കും പൊന്നാനിയിൽ മൂന്നുപേർക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പൊന്നാനി നഗരസഭയുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വ ത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.
അഞ്ചാം വാർഡിലാണ് ആദ്യമായി രോഗം കണ്ടെത്തിയത്. പൊന്നാനിയിൽ 1200 പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലമ്പൂരിൽ അന്യസംസ്ഥാന തൊഴിലാളിക്കാണ് രോഗ ബാധയുണ്ടായത്. ഒഡീഷ സ്വദേശിയാണ് ചികിത്സയിലുളളത്.
പ്രദേശത്ത് കൊതുകുകളുടെ ഉറവിടനശീകരണ പ്രവർത്തനങ്ങൾ, കൊതുകുനശീകരണ പ്രവർത്തനങ്ങൾ എന്നിവ അടിയന്തരമായി നടത്തുമെന്ന് നഗരസഭ അറിയിച്ചു. ഉറവിടനശീകരണം, ഫോഗിംഗ്, സ്പ്രേയിംഗ് എന്നിവ പ്രദേശങ്ങളിൽ നടക്കും. 100 ആരോഗ്യപ്രവത്തകരെ ശുചീകരണ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിട്ടുണ്ട്.
പനിയോടൊപ്പം ശക്തമായ കുളിരും തലവേദനയും പേശിവേദനയുമാണ് മലമ്പനിയുടെ പ്രാരംഭ ലക്ഷണങ്ങൾ. പനി, ശക്തമായ തലവേദന എന്നീ ലക്ഷണങ്ങള്‍ മാത്രമായും മലമ്പനി കാണാറുണ്ട്. കൊതുക് കടി ഏൽക്കാതെ സ്വയം സംരക്ഷണം നൽകിയാൽ മലമ്പനിയിൽ നിന്നും രക്ഷ നേടാം.
മഴക്കാലമായതിനാൽ സംസ്ഥാനത്ത് വിവിധ തരത്തിലുള്ള പകർച്ച പനികളും വ്യാപിക്കുന്നുണ്ട്. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകണം. വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം പൂർണമായും ഒഴിവാക്കണമെന്നും ആരോഗ്യപ്രവർത്തർ മുന്നറിയിപ്പ് നൽകുന്നു.















