തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ സിദ്ധാർത്ഥിന്റെ മരണത്തിൽ മുൻ വിസി എംആർ ശശീന്ദ്രനാഥിന് വീഴ്ച സംഭവിച്ചതായി ജുഡീഷ്യൽ കമ്മീഷന്റെ കണ്ടെത്തൽ. വിസി കൃത്യ സമയത്ത് നടപടി സ്വീകരിച്ചില്ലെന്നാണ് ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്. സിദ്ധാർത്ഥന്റെ മരണത്തിൽ സർവ്വകലാശാലക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നത് കേന്ദ്രീകരിച്ചാണ് കമ്മീഷൻ അന്വേഷണം നടത്തിയത്.
കേസിൽ 28 പേരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. സർവ്വകലാശാല വൈസ് ചാൻസിലർ, അസിസ്റ്റന്റ് വാർഡൻ, ഡീൻ, സിദ്ധാർത്ഥിന്റെ മാതാപിതാക്കൾ, ആംബുലൻസ് ഡ്രൈവർ, അദ്ധ്യാപകർ, സുഹൃത്തുക്കൾ എന്നിവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയത്.
ഫെബ്രുവരി 18-നാണ് രണ്ടാം വർഷ വിദ്യാർത്ഥിയായ സിദ്ധാർത്ഥിനെ ഹോസ്റ്റൽ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എസ്എഫ്ഐ പ്രവർത്തകരായ സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനത്തിന് ഇരയായ ശേഷമാണ് സിദ്ധാർത്ഥിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ എസ്എഫ്ഐ നേതാക്കൾ ഉൾപ്പെടെ 12 പേരെ സർവ്വകലാശാല സസ്പെൻഡ് ചെയ്തിരുന്നു. സംഭവം വിവാദമായതോടെ കേസ് സിബിഐക്ക് കൈമാറുകയായിരുന്നു.